ഹോർമുസിൽ സമവായമായില്ല; ഇറാൻ-യുഎസ് സമാധാന ചർച്ചകൾ തുടരും

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ 14 മണിക്കൂറുകൾക്കൊടുവിൽ താൽക്കാലികമായി പിരിഞ്ഞു. ശനിയാഴ്ച ആരംഭിച്ച ചർച്ചകൾ പാകിസ്താൻ സമയം അർദ്ധരാത്രി പിന്നിട്ടും തുടർന്നു.

അഭിപ്രായവ്യത്യാസങ്ങളിൽ കൃത്യമായ ധാരണയിലെത്താൻ ഇരുരാജ്യങ്ങൾക്കും സാധിക്കാത്ത സാഹചര്യത്തിൽ ഞായറാഴ്ചയും ചർച്ചകൾ തുടരുമെന്ന് ഇറാന്റെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചില വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും ചർച്ചകൾ തുടരുമെന്ന് ഇറാൻ സർക്കാർ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത്. മേഖലയിലെ സുരക്ഷയെയും ആധിപത്യത്തെയും സംബന്ധിച്ച വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഇതാണ് ചർച്ചകൾ നീണ്ടുപോകാൻ കാരണമായ പ്രധാന പ്രതിസന്ധിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതിനിടെ, അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾക്ക് ശേഷം കരാറിലെത്തുന്നുണ്ടോ എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. യുദ്ധത്തിൽ അമേരിക്ക ഇതിനോടകം തന്നെ വിജയിച്ചു കഴിഞ്ഞുവെന്ന അവകാശവാദം അദ്ദേഹം വീണ്ടും ആവർത്തിച്ചു.

‘ഞങ്ങൾ ഇറാനുമായി ഗൗരവതരമായ ചർച്ചകളിലാണ്. അതിന്റെ ഫലം എന്തുതന്നെയായാലും വിജയം ഞങ്ങൾക്കാണ്. സൈനികമായി ഞങ്ങൾ അവരെ പരാജയപ്പെടുത്തിക്കഴിഞ്ഞു. ഇനി ഒരു കരാർ ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. വ്യാജ വാർത്തകൾ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ ജയിച്ചുകഴിഞ്ഞു എന്നതാണ് വാസ്തവം.’-മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.