ചീത്തപറഞ്ഞാൽ പണി കിട്ടും; 500 രൂപ പിഴ, അല്ലെങ്കിൽ ഒരു മണിക്കൂർ ശുചീകരണം

0
10

ഭോപ്പാൽ: ആളുകളിൽനിന്ന് മാന്യമായ പെരുമാറ്റം ഉറപ്പാക്കാൻ വ്യത്യസ്തമായൊരു മാർഗം അവലംബിച്ച് ശ്രദ്ധേയമാവുകയാണ് മധ്യപ്രദേശിലെ ഒരു ഗ്രാമം. ബുർഹാൻപുർ ജില്ലയിലെ ബോർസർ എന്നു പേരുള്ള ഈ ഗ്രാമത്തിൽ അസഭ്യം പറയുന്നപക്ഷം ഒന്നുകിൽ അഞ്ഞൂറുരൂപ ഫൈൻ കൊടുക്കണം അല്ലെങ്കിൽ ഒരുമണിക്കൂർ നിർബന്ധിത ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെടണം.

ഗ്രാമപഞ്ചായത്ത് ഏകകണ്ഠേനയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ചീത്തപറഞ്ഞാൽ നേരിടണ്ടിവരുന്ന പ്രത്യാഘാതങ്ങളേക്കുറിച്ച് ഗ്രാമത്തിലെമ്പാടും പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. ആളുകൾതമ്മിലുള്ള പെരുമാറ്റം മാന്യമാകുന്നതിനും അസഭ്യം പറയുന്നതിനെ തുടർന്നുണ്ടായേക്കാവുന്ന സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം കൊണ്ടുവരുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ അസഭ്യവാക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനെ പ്രതിരോധിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ബോർസർ ഗ്രാമത്തിന്റെ ഉപ ഗ്രാമമുഖ്യൻ വിനോദ് ഷിൻഡേ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു.

ഉന്നംവെച്ചുകൊണ്ട് അസഭ്യവാക്കുകൾ പ്രയോഗിക്കുമായിരുന്നു. ഇപ്പോൾ അത്തരം വാക്കുകൾ പ്രയോഗിക്കുന്നവർക്ക് ഒന്നുകിൽ അഞ്ഞൂറുരൂപ ഫൈൻ നൽകേണ്ടിവരും. അല്ലെങ്കിൽ ഗ്രാമത്തിൽ ഒരുമണിക്കൂർ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടിവരും, വിനോദ് കൂട്ടിച്ചേർത്തു.

പദ്ധതി ഫലംകണ്ടുതുടങ്ങിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ആളുകൾ ഇപ്പോൾ അസഭ്യവാക്കുകൾ പ്രയോഗിക്കുന്നതിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. മുൻപൊക്കെ വാക്കുകളിലെ അസഭ്യം മനസ്സിലാക്കാതെ കുട്ടികൾ ചീത്തവാക്കുകൾ പറയുക സാധാരണമായിരുന്നു. മാതാപിതാക്കളുടെ മുന്നിറിയിപ്പുകളെ അവഗണിച്ചും അവർ ഇത്തരം വാക്കുകൾ പ്രയോഗിക്കാറുണ്ടായിരുന്നു. എന്നാൽ, പുതിയ നിയമംവഴി സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസിയായ ജയശ്രീ പറഞ്ഞു.

അസഭ്യവാക്കുകൾ പ്രയോഗിക്കാത്ത ഗ്രാമം എന്ന ആശയം മധ്യപ്രദേശിൽ ഇതാദ്യമാണെന്നും യഥാർഥത്തിൽ ഇത് തന്റെ ആശയമായിരുന്നെന്നും അശ്വിൻ പട്ടേൽ എന്ന യുവാവ് പറഞ്ഞു. പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ മോശം വാക്കുകൾ ഉപയോഗിക്കുകയും കലഹങ്ങൾക്ക് വഴിതെളിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്തരം ഒരു ആശയം രൂപംകൊണ്ടതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

ഗ്രാമമുഖ്യനോടും ഉപഗ്രാമമുഖ്യനോടും ഈ ആശയത്തെ കുറിച്ച് ചർച്ചചെയ്യുകയും പിന്നാലെ അസഭ്യവാക്കുകൾ പ്രയോഗിക്കാത്ത ഗ്രാമം എന്ന ആശയം നിലവിൽ വരികയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.