- ഇറാൻ ആക്രമണത്തിൽ ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
റിയാദ്: സഊദി അറേബ്യയിലെ ഊർജ്ജ സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഏറ്റവും ഒടുവിൽ നടന്ന ആക്രമണങ്ങളിൽ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഓഫീസറുടെ മരണത്തിൽ രാജ്യം അനുശോചനം രേഖപ്പെടുത്തി.ജറാ മുഹമ്മദ് അൽ ഷലാൻ അൽ ഖാലിദിയാണ് ഡ്യുട്ടിക്കിടെ കൊല്ലപ്പെട്ടത്.
രാജ്യത്തിന്റെ സുപ്രധാന ഊർജ്ജ കേന്ദ്രങ്ങളിലൊന്നിനെ സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട “ഡ്യൂട്ടിയിലെ രക്തസാക്ഷി” എന്നാണ് ഊർജ്ജ മന്ത്രാലയം അദേഹത്തിന്റെ മരണത്തെ വിശേഷിപ്പിച്ചത്.
“രാജ്യത്തിന്റെ മകനെയും കർത്തവ്യ രക്തസാക്ഷിയെയും അഗാധമായ ദുഃഖത്തോടെയും സങ്കടത്തോടെയും ഊർജ്ജ മന്ത്രാലയം അനുശോചിക്കുന്നു,” മരിച്ചയാളുടെ മേൽ കരുണയും കുടുംബത്തിന് ശക്തിയും നൽകണമെന്ന് പ്രാർത്ഥിച്ചുക്കൊണ്ട് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നിർണായക ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളുടെ കൂട്ട തരംഗത്തിനിടയിലാണ് സംഭവം. സംഭവത്തിൽ മറ്റ് ഏഴ് സഊദി പൗരന്മാർക്കും പരിക്കേറ്റു.
ഖത്തീഫ് ഗവർണറേറ്റിലെ അനക് നഗരത്തിൽ നിന്നുള്ള 44 കാരനായ അൽഖാലിദി, കിഴക്കൻ പ്രവിശ്യയിലെ തന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനിടെയാണ്കൊല്ലപ്പെട്ടത്. ദമാമിലെ അൽ ഫുർഖാൻ പള്ളിയിൽ മയ്യത് നിസ്കാരം നടന്നു. മയ്യത്തുമായി ബന്ധപ്പെട്ട കർമ്മങ്ങളിൽ ബന്ധുക്കളും സമൂഹത്തിലെ പ്രമുഖ അംഗങ്ങളും പങ്കെടുത്തു. മരണത്തിൽ സഊദിയുടെ വിവിധ തുറകളിൽ ഉള്ളവർ അദ്ദേഹത്തിന്റെ സമർപ്പണത്തിനും ത്യാഗത്തിനും അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
