ദമാം: പ്രശസ്ത എഴുത്തുകാരി ഡോ. ടെസ്സി റോണിയുടെ ആറാമത്തെ പുസ്തകമായ “വരളുന്ന ഹൃദയഭൂമിക” എന്ന കവിതാസമാഹാരം ദമാം സാംസ്‌കാരിക വേദി റോസ് ഗാർഡൻ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ വെച്ച് എഴുത്തുകാരനും കഥാകൃത്തുമായ ജോസഫ് തെരുവൻ പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹ്‌മദിന്റെ മകൻ ഡോ. മനീഷ് അഹ്‌മദിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.
രചനയുടെ ഭാഷയും, രീതിയും, ശൈലിയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രവാസലോകവും അത് സമ്മാനിക്കുന്ന ചൂടുള്ള അനുഭവങ്ങളുമായി സാഹിത്യ ലോകത്തെത്തിയ എഴുത്തുകാർ മുൻ നിരയിൽ നിലയുറപ്പിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. പുറം ലോക ജീവിതങ്ങളെ മലയാളത്തിന് പരിചയപെടുത്തിയ, ഭാഷകളുടെയും സംസ്കാരത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതാക്കിയ, സ്നേഹദൂതരാണ് മറുനാട്ടിൽ നിന്നെഴുതുന്നവരെന്നും, കഥയും, കവിതയും, ചിത്രമെഴുത്തും ഒരുപോലെ വഴങ്ങുന്ന ഡോ.ടെസ്സി ആനുകാലിക ലോകക്രമത്തെ തന്റെ കഥകളിലേക്കും കവിതകളിലേക്കും ചിത്രങ്ങളിലേക്കും കൃത്യതയോടെ സന്നിവേശിപ്പിക്കാൻ മാത്രം കരവിരുതുള്ള ഒരെഴുത്തുകാരിയാണെന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവേ പ്രശസ്ത കഥാകൃത്ത് ജോസഫ് തെരുവൻ അഭിപ്രായപെട്ടു.
ഗാഡമായ ചിന്തകളെ ലഘുകരിക്കുന്ന രീതിയാണ് കവിതയുടേത്. ഇതിന്റെ അന്തസത്ത മനസിലാക്കാൻ അത് വായിച്ചുകൊണ്ടേയിരിക്കണമെന്നും, ഓരോ വായനയും ഓരോ തലത്തിലേക്ക് നമ്മേ കൈപിടിച്ചു നടത്തുമെന്നും പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച ഡോ. മനീഷ് അഹ്‌മദ് ഓർമ്മിപ്പിച്ചു. വരളുന്ന ഹൃദയഭൂമികയിലെ കവിതകൾ പ്രതിനിധീകരിക്കുന്ന വിഷയവൈവിധ്യവും വരികളിലെ ലാളിത്യവും ഹൃദ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗൾഫ് വോയ്സ് ചീഫ് എഡിറ്റർ മാലിക് മഖ്ബൂൽ ആലുങ്ങൽ അധ്യക്ഷനായ സംഗമം ആർ.പി ഗ്രൂപ്പ് ജനറൽ മാനേജർ ചന്തൻ ഷേണായിയാണ് ഉദ്ഘാടനം നിർവഹിച്ചു. മാധ്യമം ദമാം ബ്യൂറോ ചീഫ് സാജിദ് ആറാട്ടുപുഴ രാഷ്ട്രിയം, ആനുകാലികം, പരിസ്ഥിതി തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾകൊള്ളുന്ന ഈ കവിതാ സമാഹാരത്തേ സദസ്സിന് പരിചയപെടുത്തി.
സാംസ്‌കാരിക, സാമൂഹ്യ, മാധ്യമ, രാഷ്ട്രിയ രംഗത്തെ പി.എ.എം ഹാരിസ്, ടി.പി മുഹമ്മദ്, ഡോ. അജി വർഗീസ്, ആലികുട്ടി ഒളവട്ടൂർ, ശിഹാബ് കൊയിലാണ്ടി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. എയ്ഞ്ചൽ ക്രിസ്റ്റി അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും റോണി ജോൺ നന്ദിയും പറഞ്ഞു.
