ന്യൂഡൽഹി: യുഎസുമായുള്ള ചർച്ചയ്ക്കായി പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലേക്കുള്ള വിമാന യാത്രയിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫിന്റെ വിമാനത്തിൽ കൂടെയുണ്ടായിരുന്നത് യുദ്ധത്തിൽ ആദ്യ ദിനം തന്നെ ജീവൻ പൊലിഞ്ഞ ആ കുരുന്നുകളുടെ ശേഷിപ്പുകളായിരുന്നു.
രക്തത്തിൽ കുതിർന്ന സ്കൂൾ ബാഗുകൾ, ഷൂവുകൾ, വെള്ളപ്പൂക്കൾ ഇവയ്ക്കൊപ്പം മിനാബിലെ സ്കൂളിനുനേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ആ കുരുന്നുകളുടെ ചിത്രങ്ങളും കൂടിയാണ് ഘാലിബാഫിന്റെ വിമാനത്തിൽ ആദ്യ വരിയിലെ സീറ്റുകളിൽ ഇടംപിടിച്ചത്.
‘‘ഈ വിമാന യാത്രയിൽ എന്റെ സഹയാത്രികർ’’ – എന്നാണ് ചിത്രം പങ്കുവച്ച് ഘാലിബാഫ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. കുട്ടികളുടെ ചിത്രങ്ങളെയും അവരുടെ സ്കൂൾ ബാഗ് ഉൾപ്പെടെയുള്ളവയെയും നോക്കി നൽക്കുന്ന ഘാലിബാഫിന്റെ ചിത്രമായിരുന്നു ആ എക്സിലെ പോസ്റ്റിലുള്ളത്. യുഎസുമായുള്ള ചർച്ചയ്ക്ക് ഇസ്ലാമാബാദിലേക്കു പുറപ്പെട്ട ആ പ്രതിനിധി സംഘത്തിന് ‘മിനാബ് 168’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പോസ്റ്റ് പങ്കുവച്ച് ദക്ഷിണാഫ്രിക്കയിലെ ഇറാന്റെ എംബസി കുറിച്ചത് ഇങ്ങനെയാണ്: ‘‘മിനാബിൽ പൊലിഞ്ഞ ആ കുരുന്നുകളെ ഞങ്ങൾ ഒരിക്കലും മറക്കില്ല.’’
ഇറാന്റെ ഭരണനേതൃത്വത്തെ ഇല്ലായ്മ ചെയ്യാൻ ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ദിനം തന്നെയായിരുന്നു തെക്കൻ ഇറാനിലെ മിനാബ് നഗര്തതിലെ ഷജേറ തയ്യിബെ എലമെന്ററി ഗേൾസ് സ്കൂളിനു നേർക്ക് ആക്രമണം ഉണ്ടായത്. അന്ന് 160ൽ അധികം കുട്ടികൾ അവിടെ മരിച്ചുവീണു. ആ സംഭവത്തെ കൊലപാതകമെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അറാഗ്ചി വിശേഷിപ്പിച്ചത്. അതേസമയം, യുഎസ് സൈന്യത്തിന് അബദ്ധം പറ്റിയതാണെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ടോമഹോക് മിസൈൽ ആയിരുന്നു ആക്രമണം നടത്താൻ ഉപയോഗിച്ചത്.
അതേസമയം, ഇന്ന് നടക്കുന്ന ചർച്ചയിൽ ഇറാന്റെ ഭാഗത്തുനിന്ന് ഘാലിബാഫിനെയും അറാഗ്ചിയെയും കൂടാതെ 12 പേർകൂടി പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെതന്നെ സംഘം ഇസ്ലാമാബാദിലെത്തി. പാക്ക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷ്ഖ് ധറും നാഷനൽ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖും സംയുക്ത സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ആഭ്യന്തര മന്ത്രി സയീദ് മുഹ്സിൻ റാസാ നഖ്വിയും ചേർന്നാണ് അവരെ സ്വീകരിച്ചത്. യുഎസിനു വേണ്ടി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാറദ് കുഷ്നർ എന്നിവരാണ് എത്തുക.





