യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ ഇന്ന് തുടക്കം

0
12

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനത്തിനു വഴിതുറക്കുമെന്ന പ്രതീക്ഷയിൽ, ഇറാൻ–യുഎസ് ചർച്ച ഇന്നു രാവിലെ ഇസ്‌ലാമാബാദിൽ ആരംഭിക്കും. ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണു ചർച്ച. ഇറാനെ ഇനി ആക്രമിക്കില്ലെന്ന ഉറപ്പ്, ഹോർമുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണാവകാശം, പശ്ചിമേഷ്യയിൽ നിന്നു യുഎസ് സേനാ പിന്മാറ്റം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്റെ പത്തിന പദ്ധതിയിലുളളത്.

ഇതെല്ലാം യുഎസ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ചർച്ചചെയ്തു നടപ്പിലാക്കാവുന്നതാണെന്ന സൂചന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയിട്ടുണ്ട്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം യുഎസിനു കൈമാറാമെന്ന് ഇറാൻ സമ്മതിച്ചെന്നാണ് യുഎസിന്റെ അവകാശവാദം. ഇതിനോട് ഇറാൻ പ്രതികരിച്ചിട്ടില്ല. ചർച്ചയിൽ യുഎസ് സംഘത്തെ നയിക്കുന്ന വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇസ്‌ലാമാബാദിലേക്കു പുറപ്പെട്ടു. ട്രംപിന്റെ മരുമകൻ ജറീദ് കഷ്നറും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സംഘത്തിലുണ്ട്. 2011നുശേഷം ആദ്യമായാണ് ഒരു യുഎസ് വൈസ് പ്രസിഡന്റ് പാക്കിസ്ഥാൻ സന്ദർശിക്കുന്നത്.

ചർച്ചകൾക്കായി ഇറാൻ പ്രതിനിധിസംഘം ഇസ്‌ലാമാബാദിലെത്തി. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫാണു ഇറാൻ സംഘത്തെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും സംഘത്തിലുണ്ട്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ഇരുപക്ഷത്തെയും പ്രതിനിധികളുമായുള്ള പ്രാഥമിക ചർച്ചകൾ ഇന്നലെ ആരംഭിച്ചു. പാക്ക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ ആയിരിക്കും ഇന്നത്തെ ചർച്ച നിയന്ത്രിക്കുക.

ഇസ്‌ലാമാബാദിൽ വിദേശകാര്യമന്ത്രാലയവും എംബസികളും സ്ഥിതി ചെയ്യുന്ന അതീവസുരക്ഷാ മേഖലയിലെ സെറീന ഹോട്ടലിലാണു ചർച്ച. വെവ്വേറെ മുറികളിലിരിക്കുന്ന യുഎസ്, ഇറാൻ സംഘങ്ങൾക്കിടയിൽ ആശയവിനിമയം നടത്തുക പാക്ക് ഉദ്യോഗസ്ഥരാകും. വാൻസ് പങ്കെടുക്കുന്നതിനാൽ ചർച്ച സുഗമമാകുമെന്നു വിലയിരുത്തലുണ്ട്. ചർച്ചാവേദിയായ ഹോട്ടൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ നാളെ വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ ഹോട്ടലിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇന്നു പൊതുഅവധിയും പ്രഖ്യാപിച്ചു.