ദുബായ്: യുഎസ്-ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഇന്ത്യയിലേയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഒരുങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ട്രാവൽ ഏജൻസികൾ. അടിയന്തര കാര്യങ്ങൾക്കായി നാട്ടിലേയ്ക്ക് പോകാൻ തീരുമാനിക്കുകയും പിന്നീട് സംഘർഷങ്ങൾ തുടരുന്ന ആശങ്കകൾ കാരണം മാറ്റിവയ്ക്കുകയും ചെയ്തിരുന്നവരെല്ലാം വെടിനിർത്തൽ പ്രഖ്യാപിച്ചയുടൻ തന്നെ നാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് തിടുക്കം കൂട്ടുന്നു.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ പോയി തിരിച്ചു വരാനുള്ള ശ്രമം നടത്തുന്നതാണ് ടിക്കറ്റിന് വേണ്ടിയുള്ള ആവശ്യം ഉയർന്നത്. എന്നാൽ, വിമാന സർവീസുകൾ സാധാരണ നിലയിൽ പുനരാരംഭിക്കാത്തിടത്തോളം ടിക്കറ്റ് നിരക്ക് കൂടിയ നിലയിൽ തന്നെ തുടരുമെന്നാണ് ട്രാവൽ ഏജൻസികളുടെ വിലയിരുത്തൽ. മേഖലയിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത് വലിയ ആശ്വാസത്തോടെയാണ് രാജ്യം വരവേൽക്കുന്നതെന്നും ഇതിന്റെ ഭാഗമായി 41 ദിവസങ്ങൾക്ക് ശേഷം യുഎഇ വ്യോമപാത ഭീഷണിമുക്തമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇറാൻ പ്രതിസന്ധിയെത്തുടർന്ന് വിദേശ വിമാനക്കമ്പനികൾക്ക് ദുബായിലെ വിമാനത്താവളങ്ങളിൽ മേയ് 31 വരെ നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. വിദേശ എയർലൈനുകൾക്ക് പ്രതിദിനം ഒരു സർവീസ് മാത്രമേ അനുവദിക്കൂ എന്നാണ് ദുബായ് എയർപോർട്ട് അധികൃതരുടെ തീരുമാനം. ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലാണ് നിയന്ത്രണം ബാധകമാകുന്നത്. ഇത് ഇന്ത്യൻ വിമാനക്കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു.
ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) ഈ നടപടിക്കെതിരെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടിയിട്ടുണ്ട്. ദുബായിൽ നിന്ന് എയർ ഇന്ത്യ ഡൽഹിയിലേയ്ക്ക് മാത്രമേ സർവീസ് നടത്തുന്നുള്ളൂ, എയർ ഇന്ത്യ എക്സ്പ്രസും ഇവിടെ നിന്ന് ഒരു സർവീസ് മാത്രമാണ് ഇന്ത്യയിലേയ്ക്ക് നടത്തുന്നത്. എന്നാൽ അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേയ്ക്ക് പറക്കുന്നുണ്ട്.
ഏപ്രിൽ,മേയ് മാസങ്ങളിലായി ദുബായിലേക്ക് ഏറ്റവും കൂടുതൽ സർവീസുകൾ നിശ്ചയിച്ചിരുന്നത് ഇന്ത്യൻ കമ്പനികളായിരുന്നു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് 750-ലേറെ സർവീസുകളും ഇൻഡിഗോ 481 സർവീസുകളുമാണ് ഈ കാലയളവിൽ ലക്ഷ്യമിട്ടിരുന്നത്. പ്രതിദിനം ഒരു സർവീസ് എന്ന നിലയിലേക്ക് മാറുന്നതോടെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വരും.
ഇന്ധനവില വർധനയും പാക്കിസ്ഥാൻ വ്യോമപാതയിലെ വിലക്കും മൂലം നിലവിൽ പ്രതിസന്ധിയിലായ ഇന്ത്യൻ എയർലൈനുകൾക്ക് പുതിയ നിയന്ത്രണം ഇരട്ടി പ്രഹരമാകും. അതേസമയം, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ പല രാജ്യാന്തര കമ്പനികളും ഇറാൻ സംഘർഷത്തെത്തുടർന്ന് മെയ് വരെ ദുബായിലേക്കുള്ള സർവീസുകൾ ഇതിനോടകം തന്നെ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രക്കാരുടെ എൻക്വയറി കൂടി
ഏതായാലും, അനിശ്ചിതത്വം അകന്നത് ട്രാവൽ വ്യവസായ മേഖലയിലും യാത്രക്കാർക്ക് കൂടുതൽ പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടാക്കിയിട്ടുണ്ടെന്ന് ദുബായിലെ ദെയ്റ ട്രാവൽസ് ജനറൽ മാനേജർ ടി.പി.സുധീഷ്, ഷാർജ ആസ്ഥാനമായുള്ള സ്മാർട് ട്രാവൽസ് ഉടമ അഫി അഹമ്മദ്, അൽ വിസാം ട്രാവൽസിലെ ഇ.കെ.ബഷീർ എന്നിവർ മനോരമ ഓൺലൈനിനോട് പറഞ്ഞു.
സ്കൂൾ അവധി പ്രമാണിച്ചും മറ്റും എല്ലാ വർഷവും ഫാമിലി റി ജോയിൻ ആയി യുഎഇയിലേയ്ക്കും ഇതര ഗൾഫ് രാജ്യങ്ങളിലേയ്ക്കും യാത്ര ചെയ്യാറുള്ള കുടുംബങ്ങളുടെ ഭാഗത്ത് നിന്നുള്ള അന്വേഷണമാണ് കൂടുതലുമെന്ന് സുധീഷ് പറയുന്നു. പക്ഷേ, വിമാന സർവീസുകൾ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28ന് മുൻപത്തെ അവസ്ഥയിലേയ്ക്ക് പെട്ടെന്നൊന്നും പോകുമെന്ന് കരുതുന്നില്ല. വെടിനിർത്തൽ തീരുമാനിച്ചിട്ടുള്ള രണ്ടാഴ്ചയ്ക്ക് ശേഷമേ മുഴുവൻ സർവീസുകളും ആരംഭിക്കുകയുള്ളൂ.
അതേസമയം, മേയ് അവസാനം വരെ സർവീസ് നിർത്തിവച്ചിരുന്ന മറ്റു ചില വിദേശ വിമാനക്കമ്പനികളൊക്കെ സാഹചര്യം വിലയിരുത്തി റി ഷെഡ്യൂൾ ചെയ്യുന്നതിനെക്കുറിച്ച് പെട്ടെന്ന് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫിൽ നിന്ന് പിൻവലിച്ച വിമാനങ്ങളൊക്കെ ഇന്ത്യൻ വിമാന കമ്പനികൾക്ക് ഡൊമസ്റ്റിക് സർവീസിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതുവഴി അവർ അവരുടെ വരുമാനം സ്വന്തമാക്കുന്നു. അതുകൊണ്ടുതന്നെ യുഎഇയിലേയ്ക്കും മറ്റും പെട്ടെന്ന് വിമാന സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ താൽപര്യം കാണിക്കണമെന്നില്ല.
യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കും തിരിച്ചുമുള്ള യാത്രകൾക്ക് അന്വേഷണം കൂടിയിട്ടുണ്ടെങ്കിലും സീറ്റുകൾ ലഭ്യമല്ലാത്തത് വലിയ പ്രശ്നമാണെന്ന് അഫി പറഞ്ഞു. എന്നാൽ വിമാന സർവീസ് വർധിപ്പിക്കുന്ന കാര്യത്തിൽ യാതൊരു നീക്കവും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ബെംഗളൂരു വഴി നാട്ടിലേയ്ക്ക് പോകാൻ നേരത്തെ 500- 600 ദിർഹം മതിയായിരുന്നെങ്കിൽ ഇന്ന് 1500- 2000 ദിർഹം വരെ നൽകേണ്ടിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനും മറ്റും ചെന്നവർ തിരിച്ചുവരവിന് വഴിയില്ലാതെ കടുത്ത ആശങ്കയിലുമാണ്.
….
