തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനിക്കപ്പെട്ടത് വാഷിങ്ടണിലല്ല, മറിച്ച് തെഹ്റാനിലാണെന്ന് റിപ്പോർട്ട്. മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് സമാധാന കരാറിന് പച്ചക്കൊടി കാട്ടിയത് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ നിർണായക ഇടപെടലാണെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ലോകത്തിന് ആശ്വാസമായി വെടിനിർത്തൽ പ്രഖ്യാപനം വന്നത്. പുറമെ പരസ്പരം പോർവിളികൾ തുടരുമ്പോഴും അണിയറയിൽ സജീവമായ നയതന്ത്ര ചർച്ചകൾ നടന്നിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ട്രംപ് ഇറാന് മേൽ കടുത്ത ആക്രമണ ഭീഷണി മുഴക്കുമ്പോഴും, വാഷിങ്ടണും തെഹ്റാനും തമ്മിലുള്ള ആശയവിനിമയം പൂർണ്ണമായും നിലച്ചിരുന്നില്ല. പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളായിരുന്നു പ്രധാന ഇടനിലക്കാർ.
ഇരു രാജ്യങ്ങളുടെയും നിർദ്ദേശങ്ങൾ പരസ്പരം കൈമാറിയത് ഇവരായിരുന്നു. പലപ്പോഴും പരാജയത്തിന്റെ വക്കിലെത്തിയ ചർച്ചകൾ അവസാന നിമിഷത്തെ വിട്ടുവീഴ്ചകളിലൂടെയാണ് മുന്നോട്ട് പോയത്.
പൊതുവേദിയിൽ ഇരു രാജ്യങ്ങളും കടുത്ത നിലപാടാണ് സ്വീകരിച്ചത്. അമേരിക്ക ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ വാഷിംഗ്ടൺ നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങളും തുടർന്നു. മറുഭാഗത്ത്, അന്ത്യശാസനങ്ങളെ തള്ളിക്കളഞ്ഞ ഇറാനും അണിയറയിൽ മധ്യസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
തെഹ്റാനിലെ തീരുമാനങ്ങൾ പൂർണ്ണമായും നിയന്ത്രിച്ചിരുന്നത് മുജ്തബ ഖാംനഇയാണ്. അധികാരമേറ്റ ശേഷം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത അദ്ദേഹം അണിയറയിലിരുന്നാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ചർച്ചകളുടെ അവസാന ഘട്ടത്തിൽ അദ്ദേഹം നേരിട്ട് ഇടപെടുകയും വെടിനിർത്തലിന് അനുമതി നൽകുകയും ചെയ്തതോടെയാണ് ദുർബലമായിരുന്ന ചർച്ചകൾ പ്രായോഗികമായ ഒരു കരാറിലേക്ക് എത്തിയത്.





