സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണത്തിന് വർണ്ണാഭമായ സമാപനം. വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞ പ്രചാരണകാലത്തിന് വിരാമമിട്ട് മുന്നണികൾ ശക്തിപ്രകടനം നടത്തിയതോടെ കേരളം ഇനി നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുകയാണ്.
മറ്റന്നാളാണ് സംസ്ഥാനം പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 140 മണ്ഡലങ്ങളിലും താളമേളങ്ങളും വർണ്ണക്കൊടികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയപ്പോൾ സ്ഥാനാർത്ഥികളും ആവേശത്തിൽ പങ്കുചേർന്നു. പലയിടങ്ങളിലും ക്രെയിനുകളിൽ ഉയർന്നും മണ്ണുമാന്തി യന്ത്രങ്ങൾക്ക് മുകളിൽ കയറി നൃത്തം ചെയ്തുമാണ് സ്ഥാനാർത്ഥികൾ വോട്ടർമാരെ അഭിവാദ്യം ചെയ്തത്.
അവസാന മണിക്കൂറുകളിൽ മാത്യു കുഴൽനാടൻ പുറത്തുവിട്ട മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ യുഡിഎഫ് വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റി. പ്രളയം മനുഷ്യനിർമ്മിതമാണെന്ന ആരോപണം ഉന്നയിച്ച് റാന്നി, തിരുവല്ല, ആറന്മുള മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ സത്യഗ്രഹമിരുന്നു.
ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി ക്രെയിനിൽ കയറി പ്രതിഷേധിച്ച ശേഷമാണ് സത്യഗ്രഹം അവസാനിപ്പിച്ചത്. വി.ഡി. സതീശന്റെ പ്രചാരണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച റിനിയും, പി. രാജീവിനൊപ്പം റാപ്പർ വേടനും പങ്കുചേർന്നത് കലാശക്കൊട്ടിലെ ശ്രദ്ധേയമായ കാഴ്ചകളായി.
ആഘോഷങ്ങൾക്കിടയിലും ചിലയിടങ്ങളിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. എറണാകുളം പറവൂരിൽ കലാശക്കൊട്ടിനിടെ കുഴഞ്ഞുവീണ കോൺഗ്രസ് പ്രവർത്തകൻ മരണപ്പെട്ടത് പ്രചാരണാവേശത്തിനിടയിൽ കരിനിഴലായി. തത്തപ്പിള്ളി സ്വദേശിയായ അലി (70) ആണ് മരിച്ചത്. ആവേശകരമായ പ്രകടനത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
വട്ടിയൂർക്കാവിൽ പ്രചാരണ വാഹനത്തിൽ നിന്ന് തീപ്പൊരി ചിതറിയതിനെത്തുടർന്ന് ഒരു ബിജെപി പ്രവർത്തകന് പൊള്ളലേറ്റു. പെരുമ്പാവൂരിൽ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കണ്ണൂരിലെ പേരാവൂരിലും കൊച്ചിയിലെ കളമശേരിയിലും കലാശക്കൊട്ടിനിടെ സംഘർഷാവസ്ഥ നിലനിന്നു. പേരാവൂരിൽ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകന് മർദ്ദനമേറ്റു. പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. കളമശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് നേരിയ സംഘർഷത്തിന് കാരണമായി.
പരസ്യപ്രചാരണം അവസാനിച്ചതോടെ ഇനി സ്ഥാനാർത്ഥികൾ വീടുകൾ കേന്ദ്രീകരിച്ചുള്ള നിശബ്ദ പ്രചാരണത്തിലേക്ക് മാറും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും നിർണ്ണായക ശക്തിയാകാൻ പോരാടുന്ന എൻഡിഎയും വലിയ പ്രതീക്ഷയോടെയാണ് വോട്ടെടുപ്പിനെ കാത്തിരിക്കുന്നത്.





