ഇസ്റാഈൽ-ഇറാൻ യുദ്ധം: 45 ദിവസത്തെ വെടിനിർത്തലിന് ശുപാർശ; ഹോർമുസ് കടലിടുക്ക് തുറന്നേക്കും

ടെഹ്റാൻ: ഇസ്റാഈലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നിർണായക വെടിനിർത്തൽ കരാർ നിർദേശം സമർപ്പിച്ചതായി റിപ്പോർട്ടുകൾ. 45 ദിവസത്തെ വെടിനിർത്തലിനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള കരട് നിർദേശമാണ് ഇറാനും അമേരിക്കക്കും മുന്നിലെത്തിയിരിക്കുന്നത്. ഈജിപ്ത്, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളാണ് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

45 ദിവസത്തെ സാവകാശം നൽകുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ സ്ഥിരമായ വെടിനിർത്തലിനുള്ള ചർച്ചകൾക്ക് കളമൊരുങ്ങുമെന്നാണ് മധ്യസ്ഥ രാജ്യങ്ങളുടെ പ്രതീക്ഷ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിക്കും അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനും നിർദേശം കൈമാറിയെങ്കിലും ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതിനിടെ, ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് ഇൻ്റലിജൻസ് മേധാവി മേജർ ജനറൽ മജിദ് ഖാദമി കൊല്ലപ്പെട്ടു.

ഖാദമി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും ഇസ്റാഈൽ സൈന്യവും സ്ഥിരീകരിച്ചു. ഇറാനിലെ വിവിധ നഗരങ്ങളിൽ ഇസ്റാഈൽ ആക്രമണം തുടരുകയാണ്. തിരിച്ചടിയായി ഇസ്റാഈലിലെ ഹൈഫയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ കെട്ടിടങ്ങൾ തകരുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.