യുഎഇയിലെ പെട്രോകെമിക്കൽ ഫാക്ടറിയിൽ ഇറാന്റെ ഡ്രോൺ ആക്രമണം, തീപിടിത്തം

ടെഹ്റാൻ∙ യുഎഇയിലും ബഹ്റൈനിലും കുവൈത്തിലും  ഇറാൻ ആക്രമണം. യുഎഇയിൽ അബുദാബിയിലെ ബൊറൂജ് പെട്രോകെമിക്കൽ ഫാക്ടറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ഫാക്ടറിയിൽ തീപിടിത്തമുണ്ടായി. ഡ്രോണുകൾ തകർത്തതിന് പിന്നാലെ അവശിഷ്ടങ്ങൾ വീണാണ് തീപിടിച്ചത്. ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെച്ചു. ആളപായമില്ലെന്ന് യുഎഇ അധികൃതർ പറഞ്ഞു.

കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ വ്യാപക ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈത്തിൽ എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും വൈദ്യുതി-ജലവിതരണ ശൃംഖലകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ രാജ്യത്തെ ഊർജ വിതരണ സംവിധാനം ഭാഗികമായി തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈനിലെ സിത്ര മേഖലയിൽ ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിന് തീപിടിച്ചെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.