ബെംഗളൂരു: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഭാര്യയെ പിരിച്ചുവിട്ടുകൊണ്ടുന്ന നോട്ടീസ് നൽകിയതിനെ തുടർന്ന് തൊഴിലുടമയെ ക്രൂരമായി മർദിച്ച് ഭർത്താവ്. കർണാടകയിലെ അവിനഹള്ളിയിലുള്ള ഒരു സലൂണിലാണ് സംഭവം.
ഭർത്താവും കൂട്ടാളികളും ചേർന്നാണ് തൊഴിലുടമയെ മർദിച്ചത്. അവിനഹള്ളി പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പൊയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ജോലി നഷ്ടമായ സുഷമയുടെ ഭർത്താവ് അഞ്ച് കൂട്ടാളികളോടൊപ്പം സലൂണിൽ അതിക്രമിച്ചുകയറി ഉടമ മോഹൻ കുമാറിനെ ആക്രമിച്ചതായാണ് പരാതി. സലൂണിൽ എത്തിയ സംഘം മോശം ഭാഷ ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം മോഹൻ കുമാറിനെ ശാരീരികമായി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മോഹൻ കുമാറിന്റെ ഭാര്യ ശ്രീജ ഇടപെടാൻ ശ്രമിച്ചപ്പോൾ അവരെയും കയ്യേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.





