അബുദാബി/ ദുബായ്: യുദ്ധം നീണ്ടുപോകുന്നതും ഇന്ധന നിരക്ക് വർധിച്ചതും മൂലം യുഎഇയിൽനിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. സംഘർഷ കാലയളവിൽ പ്രത്യേക വിമാന സർവീസ് മാത്രമാക്കി പരിമിതപ്പെടുത്തിയതിനാൽ നിരക്കു വർധനയ്ക്കു നിയന്ത്രണമേയില്ല.
മരണം, ചികിത്സ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോകേണ്ട പ്രവാസികൾക്കാണ് ഇരുട്ടടി. കുടുംബമായി പോകേണ്ടിവന്നാൽ സ്ഥിതി ദയനീയം. ഇന്നലെ അബുദാബിയിൽനിന്ന് കൊച്ചിയിലേക്കു വൺവേ ടിക്കറ്റിനു മാത്രം 79,000 രൂപയാണ് (3131 ദിർഹം) ചില എയർലൈനുകൾ ഈടാക്കിയത്.
അബുദാബിയിൽനിന്ന് കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് അഞ്ചാം തീയതി വരെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസില്ല. വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത ദിവസങ്ങളിൽ പരിമിത സർവീസിൽ ഒതുക്കിയ എയർലൈനിൽ ആറാം തീയതിക്ക് വൺവേയ്ക്ക് 2512 ദിർഹമാണ് (63,368 രൂപ) നിരക്ക്. 7-9ന് അബുദാബി-കൊച്ചി 3,420 ദിർഹം (86,273 രൂപ).
എയർ അറേബ്യ അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് 5 വരെയുള്ള വിമാനങ്ങളിൽ സീറ്റില്ല. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻസ് എന്നീ ഫുൾ സർവീസ് എയർലൈനുകൾ ഒരു ദിവസം തന്നെ കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്കു നാലും അഞ്ചും സർവീസുകൾ നടത്തുന്നുണ്ടെങ്കിലും ഇക്കോണമി ക്ലാസ് ടിക്കറ്റ് ഇല്ല. ബിസിനസ് ക്ലാസിലാകട്ടെ പൊള്ളുന്ന നിരക്കും. നാട്ടിൽ പോകേണ്ടവർ ലക്ഷങ്ങൾ കടം വാങ്ങേണ്ട സാഹചര്യമാണ്. കുടുംബമായി യാത്ര ചെയ്യുന്നവരുടെ അവസ്ഥ ഇതിലും ദയനീയം.
വിമാനക്കമ്പനികളുടെ ഈ കൊള്ളയ്ക്കെതിരെ അധികൃതർ ഇടപെടണമെന്ന് കെഎംസിസി, ഇൻകാസ് ഉൾപ്പെടെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. അത്യാവശ്യത്തിനു നാട്ടിൽ പോകേണ്ടി വന്നാൽ രണ്ടും നാലും മാസത്തെ ശമ്പളം മാറ്റിവച്ചാൽപോലും ഈ സമയത്ത് നാട്ടിലേക്കു പോയി വരാനാകില്ലെന്ന് പ്രവാസികൾ പറയുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ വിമാന കമ്പനികൾ സർവീസിൽനിന്ന് പിന്മാറുന്നതിനാൽ വിദേശക്കമ്പനികൾ ദിവസേന ഒട്ടേറെ സർവീസ് നടത്തി കോടികൾ വാരുന്നു. വേണ്ടത്ര മത്സരമില്ലാത്തതും കേരള സെക്ടറിൽ ഡിമാൻഡ് കൂടുന്നതും മൂലം വരും ദിവസങ്ങളിലും നിരക്ക് ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു.





