ദുബായ്: യുഎഇയിൽ ആരോഗ്യ മേഖലയിലെ ജോലി ആഗ്രഹിക്കുന്ന നഴ്സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും വലിയ ആശ്വാസമായി പുതിയ ലൈസൻസിങ് പരിഷ്കാരം.
ചില പ്രത്യേക വിഭാഗങ്ങളിൽ പെട്ട നഴ്സിങ്, അനുബന്ധ ആരോഗ്യ ബിരുദധാരികൾക്ക് ലൈസൻസ് ലഭിക്കുന്നതിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം നിർബന്ധമല്ല. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇന്ന് (ബുധൻ) ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
∙ഇളവ് ലഭിക്കുന്ന വിഭാഗങ്ങൾ
റജിസ്റ്റേഡ് നഴ്സുമാർ, അസിസ്റ്റന്റ് നഴ്സുമാർ, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാർ, റെസ്പിറേറ്ററി കെയർ ടെക്നീഷ്യൻമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ എന്നിവർക്കാണ് ഈ ഇളവ് ബാധകമാകുക. യുഎഇയിൽ നിന്ന് പഠിച്ചിറങ്ങിയവർക്കും വിദേശത്തുനിന്ന് ബിരുദം നേടിയവർക്കും ഈ ആനുകൂല്യം ലഭിക്കും.
∙ അധ്യാപകർക്കും ചികിത്സിക്കാം
മറ്റൊരു പ്രധാന മാറ്റം മെഡിക്കൽ കോളജുകളിലെ അധ്യാപകർക്കാണ്. മെഡിക്കൽ ഫാക്കൽറ്റി അംഗങ്ങൾക്ക് ഇനി ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ട് ചികിത്സാ പ്രാക്ടീസ് നടത്താൻ അനുമതി നൽകി. ഇവരുടെ അധ്യാപന സമയം പ്രഫഷനൽ ഡെവലപ്മെന്റ് (CPD) ക്രെഡിറ്റായി കണക്കാക്കുകയും ചെയ്യും. അക്കാദമിക് രംഗത്തെ വൈദഗ്ധ്യം ചികിത്സാ രംഗത്തും പ്രയോജനപ്പെടുത്താനാണ് ഈ നീക്കം.
മേഖലയിലെ സംഘർഷസാഹചര്യങ്ങൾക്കിടയിലും ആരോഗ്യ മേഖലയിൽ കൂടുതൽ കരുത്തുറ്റ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, മനുഷ്യവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം എന്നിവയുമായി ചേർന്നാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
രോഗികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ലൈസൻസിങ് നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയിലെ നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരിൽ മലയാളികളാണ് ഏറ്റവും കൂടുതൽ ഉള്ളത്.
