ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍!

1 Min Read

ആണവകേന്ദ്രങ്ങള്‍, മിസൈല്‍ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍. ഇറാനെതിരെ യുദ്ധം തുടങ്ങുമ്പോള്‍ ആക്രമണലക്ഷ്യമായി ഇസ്രായേലും യുഎസും ചൂണ്ടിക്കാട്ടിയത് ഇവയായിരുന്നു. എന്നാല്‍, പറഞ്ഞതുപോലായിരുന്നില്ല ആക്രമണദിശ. തുടക്കം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.

ആദ്യദിവസം മിനാബിലെ സ്‌കൂളിനു നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കുട്ടികള്‍ അടക്കം 175 പേരായിരുന്നു. ലോകത്തെ ഞെട്ടിച്ച ആ ആക്രമണത്തിനു പിന്നാലെ പല സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണം നടന്നു.

എന്നാലിപ്പോള്‍, സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുമാണ് പുതിയ യുദ്ധമുഖം. ഇസ്രായേലാണ്, സര്‍വകലാശാലകളെ തുടര്‍ച്ചയായി ആക്രമിക്കുന്നത്. ഇതിനുപകരമായി ഗള്‍ഫില്‍ അമേരിക്കന്‍-ഇസ്രായേല്‍ അഫിലിയേഷനുള്ള കാമ്പസുകള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയാണ് ഇറാനിലെയും ഗള്‍ഫ് മേഖലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

ആക്രമിക്കപ്പെട്ടത് 21 സര്‍വകലാശാലകള്‍

ഇറാനില്‍, ഏപ്രിലില്‍ പുതിയ അക്കാദമിക വര്‍ഷം തുടങ്ങാനിരിക്കെയാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇതിനആല്‍, എല്ലാ ക്ലാസുകളും ഓണ്‍ലൈനായി മാത്രം നടത്താനാണ് ഇറാന്റെ തീരുമാനം. യുദ്ധം തുടങ്ങിയശേഷം ഇതുവരെ 21 സര്‍വ്വകലാശാലകള്‍ക്കുനേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതായാണ് ഇറാന്‍ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കിയത്. അക്കാദമിക് വിദഗ്ധരെയും ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നതായി ഇറാന്‍ ആരോപിക്കുന്നു.

രാജ്യത്തിന്റെ ശാസ്ത്രീയവും സാംസ്‌കാരികവുമായ അടിത്തറ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇറാന്‍ പറയുന്നു. തെഹ്റാനിലെ ഇറാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് നേരെ രൂക്ഷമായ ആക്രമണമാണ് നടന്നത്. ഇവിടെയുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ ആദ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സര്‍വ്വകലാശാല. എഞ്ചിനീയര്‍മാരെ പരിശീലിപ്പിക്കുന്നതിനായി 1929-ലാണ് ഇത് ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ സര്‍വ്വകലാശാല അധികൃതര്‍ അപലപിച്ചു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version