ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഒരു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചു. നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.
‘‘കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും ഷിപ്പിങ് ലൈനുകൾ സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെയും ആവശ്യകതയിൽ ഞങ്ങൾ യോജിച്ചു. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകുന്ന തുടർ പിന്തുണയ്ക്ക് അദ്ദേഹത്തിന് നന്ദി അറിയിച്ചു’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
ഫെബ്രുവരി 28ന് ഇറാനും ഇസ്രയേൽ പിന്തുണയുള്ള അമേരിക്കയും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ ലോക നേതാക്കളുമായി മോദി നടത്തിയ നിരവധി ഫോൺ സംഭാഷണങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ഈ ആഴ്ച ആദ്യം, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്നെ വിളിച്ചിരുന്നതായും പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുവരും ഫലപ്രദമായ ആശയവിനിമയം നടത്തിയതായും മോദി പറഞ്ഞിരുന്നു.
..
