കനത്ത കാറ്റും മഴയും; ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

മലപ്പുറം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടങ്ങളുണ്ടായി. മലപ്പുറം എടവണ്ണയിൽ വീട്ടു മുറ്റത്ത് നിന്ന വയോധികൻ ഇടിമിന്നലേറ്റ് മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്.

വീടിന് സമീപം നിൽക്കുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. ഉടൻ തന്നെ വീട്ടുകാർ എടവണ്ണ രാജഗിരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. മാവൂരിൽ കനത്ത മഴയിൽ മൂന്ന് വീടുകൾ തകർന്നു. വീട്ടുകാർ ഓടി രക്ഷപ്പെട്ടത്തത് കൊണ്ട് ആളാപായം ഇല്ല. കോഴിക്കോട് കൂളിമാട് കളൻതോട് റോഡ് കനത്ത മഴയിൽ ഒലിച്ചുപ്പോയി. വൈദ്യുതി പോസ്റ്റുകൾ വീണ് പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. പലയിടത്തും ഗതാഗതം ഭാഗികമായി നിലച്ചിട്ടുണ്ട്.ആറ് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.