മുഖത്ത് പെപ്പർ സ്പ്രേ അടിച്ചു; യുവതിക്കും ഭർത്താവിനും പോലീസ് മർദനം, പരാതി

കുണ്ടറ: ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കെട്ടുകാഴ്ചയ്ക്കിടെ യുവതിയെയും ഭർത്താവിനെയും പൊലീസ് ലാത്തി കൊണ്ട് അടിച്ചതായി എസ്പിക്കു പരാതി. കിളികൊല്ലൂർ പേരൂർ മനീഷ് മന്ദിരത്തിൽ അനന്തു (28), ഭാര്യ അശ്വനി (24), സഹോദരി ഗീതു എന്നിവർക്കാണു മർദനമേറ്റത്. കാഞ്ഞിരക്കോട് ആൽത്തറമുകൾ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു സംഭവം.

കെട്ടുകാഴ്ചയുടെ ഭാഗമായി വന്ന ഡിജെ വാഹനത്തിനു സമീപം നിൽക്കുകയായിരുന്നു അനന്തുവും അശ്വനിയും. ഡിജെ നിർത്താൻ ആവശ്യപ്പെട്ട് എത്തിയ പൊലീസ് വാഹനത്തിലിരുന്ന യുവാവിനെ പിടിച്ചു പുറത്തേക്കിട്ടു. അശ്വിനിയുടെ ശരീരത്തിലേക്കാണ് യുവാവു വീണത്. ഇതു ചോദ്യം ചെയ്ത അനന്തുവിനെ എസ്ഐ കിരൺ കോളറിൽ പിടിച്ചു മർദിക്കുകയായിരുന്നു. കിരണിനെ അടിക്കുന്നതിനു തടസം നിൽക്കാൻ വന്ന അശ്വിനിയെയും ഗീതുവിനെയും മർദ്ദിക്കുകയായിരുന്നു.

പൊലീസ് പെപ്പർ സ്പ്രേ മുഖത്തടിച്ചെന്നും പരാതിയിലുണ്ട്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയും ജീപ്പിൽ വച്ചും അനന്തുവിനെ മർദ്ദിച്ചു. പൊലീസ് അശ്ലീലം പറഞ്ഞെന്നും തങ്ങൾക്കെതിരെ വ്യാജ കേസ് എടുത്തതായും എസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു.

അതേ സമയം, സമയപരിധി കഴിഞ്ഞിട്ടും നിർത്താതിരുന്ന ഡിജെ വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പൊലീസിനു നേരെ അസഭ്യവർഷവുമായി എത്തിയ സംഘത്തിനു നേരെ ലാത്തി വീശുന്നതിനിടെയാണു സ്ത്രീക്കു പരുക്കേറ്റത് എന്നാണ് പൊലീസ് ഭാഷ്യം.

കർണാടകയിൽ നിന്നാണ് നിരോധിത ഡിജെ വാഹനം എത്തിച്ചത്. ഇത് ഉൾപ്പെടെ 3 ഡിജെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിക്കു തടസ്സം നിന്നതിനും പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിനും അനന്തുവിനും അശ്വനിക്കും എതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെന്നും അനന്തുവിന്റെ പേരിൽ കിളികൊല്ലൂർ സ്റ്റേഷനിൽ വേറെയും കേസുണ്ടെന്നും പൊലീസ് പറഞ്ഞു.