റിയാദ്: ഗൾഫ് മണ്ണിൽ രാഷ്ട്രീയ ചൂടുയർത്തി യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ആവേശ തരംഗമായി. വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത സമ്മേളനം പ്രവാസി മലയാളികളുടെ രാഷ്ട്രീയ മനോഭാവം തുറന്നുകാട്ടുന്ന വേദിയായി. തുടക്കം മുതൽ അവസാനം വരെ മുദ്രാവാക്യങ്ങളാലും ശക്തമായ രാഷ്ട്രീയ വിമർശനങ്ങളാലും സമ്മേളനം സജീവമായി.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രവർത്തകരെ ഓൺലൈൻ വഴി അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗം പ്രവർത്തകർ കരഘോഷത്തോടെ ഏറ്റുവാങ്ങി. സംസ്ഥാനത്ത് തീർച്ചയായും ഭരണമാറ്റം ഉണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, മുന്നോട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ എല്ലാവരും ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
എറണാകുളം ഡി.സി.സി പ്രസിഡന്റും കൊച്ചി മണ്ഡലം സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്, കരുനാഗപ്പള്ളി, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ സി.ആർ മഹേഷ്, എ.ഡി തോമസ് എന്നിവരും ഓൺലൈൻ വഴി സംസാരിച്ചു.
സംസ്ഥാന സർക്കാറിനെതിരെ കടുത്ത വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. ഭരണപരമായ അനാസ്ഥയും ജനക്ഷേമ പദ്ധതികളിലെ താളപ്പിഴകളും കേരളത്തെ പിന്നോട്ടടിച്ചുവെന്നായിരുന്നു വക്താക്കളുടെ ആരോപണം. കോവിഡ് മഹാമാരിക്കാലത്ത് പ്രവാസികൾ നേരിട്ട ദുരിതങ്ങൾ പ്രധാന ചർച്ചാവിഷയമായി. നാട്ടിലേക്ക് മടങ്ങാനാവാതെ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ മലയാളികൾ അനുഭവിച്ച മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ വിശദമായി അവതരിപ്പിച്ചു.
“സർക്കാർ വാഗ്ദ്ധാനങ്ങൾ നൽകി, പക്ഷേ പ്രവൃത്തിയിൽ അത് നിറവേറ്റാനായില്ല” എന്ന വിമർശനം പല വേദികളിലും ആവർത്തിച്ചു. ചാർട്ടർ വിമാനങ്ങൾ, ക്വാറന്റൈൻ സൗകര്യങ്ങൾ, സാമ്പത്തിക സഹായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വീഴ്ചകൾ പ്രവാസികളുടെ മനസ്സിൽ ഇന്നും മുറിവായി തുടരുന്നതായി പ്രവർത്തകർ ചൂണ്ടിക്കാട്ടി. “പ്രവാസികളുടെ കണ്ണീരിന്മേൽ വാഗ്ദ്ധാനങ്ങളുടെ കൊട്ടാരം പണിത ഭരണകൂടം” എന്ന ശക്തമായ വിമർശനവും സമ്മേളനത്തിൽ ഉയർന്നു. അതേസമയം, യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ പ്രവാസികൾക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകി. തൊഴിൽ സുരക്ഷ, പുനരധിവാസം, നിക്ഷേപ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ സമഗ്ര ഇടപെടലുകൾ ഉണ്ടാകുമെന്ന് അവർ വ്യക്തമാക്കി.
ചടങ്ങിൽ വിവിധ സംഘടന ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, നൗഫൽ പാലക്കാടൻ, മജീദ് ചിങ്ങോലി, റഹ്മാൻ മുനമ്പത്ത്, അഷ്റഫ് വെള്ളേപാടം, മുഹമ്മദ് വേങ്ങര, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, മൃദുല വിനീഷ്, റഹ്മത്ത് അഷ്റഫ്, മുജീബ് ഉപ്പട,ഷംനാദ് കരുനാഗപ്പള്ളി, മൊയ്തീൻകുട്ടി തെന്നല,അസ്‌ക്കർ കണ്ണൂർ, റിജോ ഡൊമിനിക്ക്, സജീർ പൂന്തുറ, അമീർ പട്ടണത്, അബ്ദുറഹ്മാൻ ഫറോക്ക്, ജലീൽ തിരൂർ, ബാലു കുട്ടൻ, ഷുക്കൂർ ആലുവ,അസീസ് വെങ്കിട്ട, നജീബ് നെല്ലാംകണ്ടി, ബഷീർ താമരശ്ശേരി, അഷറഫ് മേച്ചേരി,റഫീക് മഞ്ചേരി,മാള മുഹയുദ്ധീൻ,സിറാജ് വള്ളിക്കുന്ന്,സൈഫ് കായംകുളം,അഷറഫ് കല്പകഞ്ചേരി , കരീം കൊടുവള്ളി,അനീർ ബാബു,ജോൺസൺ മാർക്കോസ്,ജസീല മൂസ, ഷമീർ പറമ്പത്ത്
എന്നിവർ സംസാരിച്ചു.
കെ.എം.സി.സി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും, ഒ.ഐ.സി.സി ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.
“മാറ്റത്തിനായുള്ള സമയം എത്തിയിരിക്കുന്നു” എന്ന സന്ദേശവുമായി പ്രവർത്തകർ ഒരുമിച്ച് പ്രതിജ്ഞയെടുത്തതോടെ സമ്മേളനം ആവേശകരമായി സമാപിച്ചു. പ്രവാസികളുടെ ഈ ആവേശം പിണറായി സർക്കാരിന്റെ വീഴ്ചകൾക്ക് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലോടെയാണ് കൺവെൻഷൻ അവസാനിച്ചത്. ഒഐസിസി യുടെയും കെഎംസിസി യുടെയും സെൻട്രൽ കമ്മറ്റി, ഗ്ലോബൽ കമ്മറ്റി, നാഷണൽ കമ്മറ്റി,ജില്ല കമ്മറ്റി അംഗങ്ങൾ പരിപാടികൾക്കു നേതൃത്വം നൽകി.