ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയപ്പോൾ എസ്ഐ മർദിച്ചു; പൊലീസിനെതിരെ ആരോപണവുമായി യുവതി

0
11

കൊല്ലം: കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ യുവതിയെ പൊലീസ് മർദിച്ചെന്ന് പരാതി. കാഞ്ഞിരംകോട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയ പേരൂർ സ്വദേശിനിയെ മർദിച്ചതായാണ് പരാതി. കുണ്ടറ സ്റ്റേഷൻ എസ്ഐ കിരണിനെതിരെയാണ് പരാതി ഉന്നയിച്ചത്. പരിക്കേറ്റ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ ശരീരത്തിലെ മർദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം, യുവതിയുടെ ഭർത്താവ് ജോലി തടസപ്പെടുത്തിയതായാണ് പൊലീസ് പറയുന്നത്. കൃത്യ നിർവഹണം തടയാൻ എത്തിയപ്പോൾ ഇടപെടുക മാത്രമാണ് ചെയ്തതെന്നുമാണ് കുണ്ടറ പൊലീസിന്റെ വിശദീകരണം.

അതേസമയം, കുണ്ടറ പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഡിവൈഎഫ്ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. പെൺകുട്ടിയെ മർദിച്ച എസ്ഐ കിരണിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം.