കോഴിക്കോട്: മറ്റേ മോനേ എന്ന് വിളിച്ചതിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മറ്റു അർത്ഥത്തിൽ അല്ല ആ പദം ഉപയോഗിച്ചത്. എയിംസ് വരും എന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. അതിനിടെ മറ്റൊരു ‘മറ്റേ’ പ്രയോഗവും വേദിയിൽ സുരേഷ് ഗോപി നടത്തി. രാജീവ് ചന്ദ്രശേഖറിന് ഷാൾ ഇട്ടത് വിവാദം ആക്കിയത് മറ്റേ ഗുണം എന്ന് സുരേഷ് ഗോപി പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ സംസാരിക്കുകയായിരുന്നതു കൊണ്ടാണ് ഷാൾ സ്വയം ഇട്ടത്. പ്രചരിപ്പിക്കുന്നവർ മറ്റേഗുണത്തിൽ പെട്ടവരാണെന്ന് കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞു. താൻ ‘പ്രജ’ എന്ന് പറഞ്ഞാൽ തിരിച്ച് ‘രാജാവ്’ എന്ന് പറയുന്നു. പ്രജ എന്നതിൽ തന്നെ രാജ ഉണ്ട്. ചൊറിയുന്നവർക്ക് വേണ്ടിയാണ് അതേ പദം വീണ്ടും വീണ്ടും പറയുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ഡീൽ ആരോപണം കൊതി കെറുവ് കൊണ്ടെന്ന് സുരേഷ് ഗോപി
ബി ജെ പിക്കെതിരായ ഡീൽ ആരോപണം കൊതി കെറുവ് കൊണ്ടാണെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്നാട്ടിൽ ഒരുമിച്ച് മത്സരിക്കുന്നവരാണ് ഡീൽ ആരോപിക്കുന്നത്. ഡീൽ നടക്കുന്നത് സിപിഎമ്മും കോൺഗ്രസും തമ്മിലാണെന്നും സുരേഷ് ഗോപി ആരോപിച്ചു. പാലക്കാട് ഉപതെരഞ്ഞടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബി ജെ പി ജയിക്കുമായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ ‘വയ്ക്കടോ സ്വർണം’ എന്ന് പറയാൻ ഒരാളുണ്ടാകുമായിരുന്നു.
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബി ജെ പിക്ക് സംസ്ഥാന ഭരണം പിടിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ശോഭ മാത്രമല്ല അതേ പോലുള്ള നാരീശക്തികൾ ബി ജെ പിയിൽ നിരവധിയുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണമെന്നും സുരേഷ് ഗോപി വോട്ടർമാരോട് അഭ്യർത്ഥിച്ചു.
