പ്രായപൂർത്തിയാകാത്ത 30 പെൺകുട്ടികളെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീ‍ഡിപ്പിച്ചെന്ന കേസിൽ ഗോവയിലെ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക്കാണ് (20) അറസ്റ്റിലായത്. 

കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 25–30 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പമിരിക്കുമ്പോൾ ഈ കാര്യങ്ങൾ അവരോട് പറയുകയും വിഡിയോകൾ കാണിക്കുകയും ചെയ്തു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. 

സോഹത്തിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് സ്റ്റേഷനു മുന്നിൽ‍ ശക്തമായ പ്രതിഷേധം നടന്നു. യുവാവും പെൺകുട്ടികളും കോളേജില്‍ പഠിക്കുന്ന സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.