പത്തനംതിട്ട: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് കോടതി വീണ്ടും ജീവപര്യന്തം തടവ് വിധിച്ചു. അടൂർ പന്നിവിഴ കോട്ടപ്പുറം സ്വദേശി പുതിയവീട്ടിൽ മോഹനൻ ഉണ്ണിത്താനെ (65) ആണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ജയകൃഷ്ണൻ ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ 50,000 രൂപ പിഴയും ഇയാൾ ഒടുക്കണം.
2005 നവംബറിലായിരുന്നു മോഹനൻ ഉണ്ണിത്താൻ സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചായിരുന്നു അന്ന് അമ്മയെ കൊന്നത്. ഈ കേസിൽ കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് ഇയാൾ പരോളിൽ ഇറങ്ങിയത്. 2024 ജൂൺ 29-ന് വീട്ടിലെത്തിയ പ്രതി, സഹോദരനായ സതീഷ് കുമാറിനെ (രഘു) ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പരോളിലിറങ്ങി വീണ്ടും കൊലപാതകം നടത്തിയത് നാടിനെ നടുക്കിയ സംഭവമായിരുന്നു.
അടൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ആർ. രാജീവാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇൻസ്പെക്ടർ ശ്യാം മുരളി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി. എഎസ്ഐ ആൻസി പ്രോസിക്യൂഷനെ സഹായിച്ചു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
