പ്രവാസികൾക്ക് ആശ്വാസം; കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ

0
12

ദുബായ്: യാത്രക്കാരുടെ വർധനവ് പരിഗണിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു.

ഇന്ന് (മാർച്ച് 21) വിവിധ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആകെ 42 സർവീസുകളാണ് എയർ ഇന്ത്യ ഗ്രൂപ്പ് നടത്തുക. ഇതിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമെ യുഎഇയിലേക്കുള്ള പ്രത്യേക വിമാനങ്ങളും ഉൾപ്പെടുന്നു.

∙കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾ
കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒമാനിലെ മസ്കത്തിലേക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ സർവീസ് നടത്തും. യുഎഇയിലേക്കുള്ള അഡ്‌ഹോക്ക് സർവീസുകളിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഉൾപ്പെടുന്നുണ്ട്.

എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് ഇന്നത്തെ ഗൾഫ് ഷെഡ്യൂൾ
∙യുഎഇയിലേക്ക് 26 പ്രത്യേക വിമാനങ്ങൾ
യുഎഇയിലെ പ്രമുഖ നഗരങ്ങളായ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് ആകെ 26 പ്രത്യേക (അഡ്‌ഹോക്ക് / Ad-hoc) വിമാനങ്ങളാണ് സർവീസ് നടത്തുക. അതേസമയം അൽ ഐൻ, സലാല, റിയാദ്, ദമ്മാം തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജിദ്ദയിലേക്ക് ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നായി 16 സർവീസുകൾ നാളെ നടക്കും.

∙സൗജന്യ റീബുക്കിങ് സൗകര്യം
സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സെക്ടറുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഒട്ടും ആശങ്കപ്പെടേണ്ടതില്ല. അധിക നിരക്കില്ലാതെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റാനോ (റീബുക്കിങ്) അല്ലെങ്കിൽ തുക പൂർണമായും തിരികെ വാങ്ങാനോ അവസരമുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. 

എയർ ഇന്ത്യ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ‘ടിയ’ (+91 63600 12345) എന്ന വാട്സാപ്പ് അസിസ്റ്റന്റ് വഴിയോ യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാകും. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങൾ പതിവുപോലെ തുടരും.