താനൂരിൽ പി.കെ. നവാസ്, തിരൂരങ്ങാടിയിൽ PMA സമീർ, കൊണ്ടോട്ടിയിൽ ടിപി അഷ്റഫലി; പുതുമുഖങ്ങൾ നാലുപേർ

മലപ്പുറം: ജില്ലയിൽ മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ടേക്ക് ഓഫ് ചെയ്തിരിക്കുകയാണ് മുസ്‌ലിംലീഗ്. പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽനിന്ന് മാറി മലപ്പുറത്ത് മത്സരിക്കുന്നതാണ് ലീഗിന്റെ സ്ഥാനാർഥി പട്ടികയിലെ പ്രധാനമാറ്റം.

വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി കെ.എം. ഷാജിയാണ് ഇത്തവണ സ്ഥാനാർഥി. നാല് സിറ്റിങ് എംഎൽഎമാർക്ക് ഇത്തവണ സീറ്റില്ല. നാലുപുതുമുഖങ്ങളും പട്ടികയിലുണ്ട്.

കൊണ്ടോട്ടിയിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്‌റഫലി, താനൂരിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, തിരൂരങ്ങാടിയിൽ മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി പി.എം.എ. സമീർ, മഞ്ചേരിയിൽ എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് എം. റഹ്‌മത്തുള്ള എന്നിവരാണ് ലീഗ് പട്ടികയിലെ പുതുമുഖങ്ങൾ.

സിറ്റിങ് എംഎൽഎമാരായ പി. അബ്ദുൾ ഹമീദ്, യു.എ. ലത്തീഫ്, പി. ഉബൈദുള്ള, കെ.പി.എ. മജീദ് എന്നിവർ ഇത്തവണ മത്സരത്തിനില്ല. പി. അബ്ദുൾ ഹമീദ് പ്രതിനിധീകരിച്ചിരുന്ന വള്ളിക്കുന്നിൽ കൊണ്ടോട്ടി എംഎൽഎയായ ടി.വി. ഇബ്രാഹിമാണ് ലീഗിന്റെ സ്ഥാനാർഥി. യു.എ. ലത്തീഫിന് പകരം റഹ്‌മത്തുള്ള മഞ്ചേരിയിൽ മത്സരിക്കുന്നു. പി. ഉബൈദുള്ളയുടെ മണ്ഡലമായിരുന്ന മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദിന്റെ മണ്ഡലമായ തിരൂരങ്ങാടിയിൽ പി.എം.എ. സമീറുമാണ് ഇത്തവണ സ്ഥാനാർഥികൾ. ഏറനാട്ടിൽ പി.കെ. ബഷീറും മങ്കടയിൽ മഞ്ഞളാംകുഴി അലിയും പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരവും കോട്ടയ്ക്കലിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങളും തിരൂരിൽ കുറുക്കോളി മൊയ്തീനും വീണ്ടും ജനവിധി തേടും.