മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. തിങ്കളാഴ്ച സംസ്ഥാന ഭാരവാഹികളുമായി പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തി. നേതാക്കൾ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ അതത് ജില്ലാകമ്മിറ്റികളുടെ അഭിപ്രായം തേടും. അതിനുശേഷം വൈകീട്ടോടെ പ്രഖ്യാപനം നടത്താനാണ് നീക്കം.
ലീഗ് മത്സരിക്കുന്ന 27 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഒന്നിച്ചു പ്രഖ്യാപിക്കും. കോൺഗ്രസുമായുള്ള സീറ്റു െവച്ചുമാറ്റത്തിലും ചില സീറ്റുകളിൽ ആരെ മത്സരിപ്പിക്കമെന്നതിലും അന്തിമ തീരുമാനമാകാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണം.
ചൊവ്വാഴ്ച വൈകീട്ടോടെ ഇക്കാര്യങ്ങളിൽ ധാരണയായില്ലെങ്കിൽ പ്രഖ്യാപനം ബുധനാഴ്ചയിലേക്കുനീളും. ചില സീറ്റുകളിലും ഇതിനകം ധാരണയായിട്ടുണ്ട്. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരവും മണ്ണാർക്കാട് അഡ്വ. എൻ. ഷംസുദീനും വീണ്ടും ജനവിധി തേടും. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽനിന്ന് മലപ്പുറത്തെത്തുമെന്നും ഏറക്കുറെ ഉറപ്പായി.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ഥാനാർഥി നിർണയത്തിന് പുതിയ രീതിയാണ് സാദിഖലി തങ്ങൾ സ്വീകരിക്കുന്നത്. ലീഗിന്റെ എല്ലാ മണ്ഡലങ്ങളെക്കുറിച്ചുമുള്ള പഠന റിപ്പോർട്ടിന്റെ ഫയലുമായാണ് തങ്ങൾ മലപ്പുറം ലീഗ് ഓഫീസിലേക്ക് അവസാനഘട്ട യോഗത്തിനെത്തിയത്. തുടർന്ന് നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു വിളിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ടു. ജില്ലാപ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ മാത്രമാണ് സാദിഖലി തങ്ങൾക്കൊപ്പം മുറിയിലുണ്ടായിരുന്നത്.
ഉച്ചയ്ക്ക് 12-ന് തുടങ്ങിയ കൂടിക്കാഴ്ച വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഡോ. എം.കെ. മുനീർ, കെ.പി.എ. മജീദ്, സി.പി. ചെറിയമുഹമ്മദ്, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹീം, പി. അബ്ദുൽ ഹമീദ്, അബ്ദുറഹ്മാൻ രണ്ടത്താണി, കെ.എം. ഷാജി, പി.എം. സാദിഖലി തുടങ്ങിയ മുതിർന്ന നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.
….
