റിയാദ്: ഈ വർഷത്തെ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സഊദി അറേബ്യയിലെ മുഴുവൻ മുസ്‌ലിംകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം റമദാൻ 29 ആയ ബുധനാഴ്ച (മാർച്ച് 18) വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദ്ദേശം.
ഈ വർഷത്തെ റമദാൻ മാസം ആരംഭിച്ചത് ഫെബ്രുവരി 18 ബുധനാഴ്ചയായിരുന്നു (ഹിജ്റ 1447 റമദാൻ ഒന്ന്). ഇതിന്റെ അടിസ്ഥാനത്തിൽ, ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ താൽപ്പര്യമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോടതി അറിയിച്ചു.
മാസപ്പിറവി ദർശിക്കുന്നവർ എത്രയും വേഗം അടുത്തുള്ള കോടതിയെ വിവരം അറിയിക്കുകയും സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണമെന്നും നേരിട്ട് കോടതിയിൽ എത്താൻ സാധിക്കാത്തവർക്ക്, അടുത്തുള്ള സർക്കാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കോടതിയിലെത്താൻ സഹായം തേടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
