ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന് താൻ തയ്യാറല്ല ട്രംപ്

ടെഹ്റാൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന് താൻ തയ്യാറല്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ചർച്ചയ്ക്കു തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, കൂടുതൽ മികച്ച കരാർവ്യവസ്ഥകൾ നേടിയെടുക്കുന്നതിനായി യു.എസ്. യുദ്ധം തുടരുമെന്ന് എൻ.ബി.സി. ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അതേസമയം, ”ഇത്തരത്തിൽ ഒന്ന് ആവർത്തിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാകുമ്പോൾ യുദ്ധം അവസാനിക്കു”മെന്ന് ഇറാൻവിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

സുഗമമായ എണ്ണനീക്കത്തിനു വഴിയൊരുക്കുന്നതിനായി ഹോർമുസ് കടലിലിടുക്കിനു വടക്കുഭാഗത്തുള്ള ഇറാന്റെ തീരമേഖലകളിൽ ആക്രമണം ശക്തമാക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. ഇറാന്റെ പ്രധാന എണ്ണകേന്ദ്രമായ ഖാർഗിലെ ലക്ഷ്യസ്ഥാനങ്ങളിൽ ഒരു രസത്തിനുവേണ്ടി വീണ്ടും ബോംബിടുമെന്നാണു പറഞ്ഞത്. ഇറാൻ യുദ്ധവും അതേത്തുടർന്നുണ്ടായ ഹോർമുസ് പ്രതിസന്ധിയും കാരണം ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരുമ്പോഴാണ് യുദ്ധംനിർത്തില്ലെന്ന് ട്രംപ് പറഞ്ഞത്.

ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന ഇറാൻ പരമോന്നതനേതാവ് അയത്തുള്ള മുജ്താബ ഖാംനയിയുടെ പ്രസ്താവന ട്രംപ് തള്ളിക്കളഞ്ഞു. ”അദ്ദേഹം ജീവനോടെയുണ്ടോയെന്നുപോലും എനിക്കറിയില്ല. ഇതുവരെ ആർക്കും അദ്ദേഹത്തെ കാണിച്ചുതരാൻ കഴിഞ്ഞിട്ടില്ല” -ട്രംപ് പറഞ്ഞു.

അതേസമയം, യുദ്ധത്തിൽ മറ്റുരാജ്യങ്ങൾ ഇടപെട്ടാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് അരാഗ്ചി മുന്നറിയിപ്പുനൽകി. സംഘർഷം വിപുലമാക്കുന്ന നടപടികളിൽനിന്ന് വിദേശരാജ്യങ്ങളോട് വിട്ടുനിൽക്കാൻ അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴോൺ നോയൽ ബാരോയുമായി നടത്തിയ ഫോൺ ചർച്ചയിലാണ് അരാഗ്ചി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഹോർമുസ് വഴി പോകുന്ന എണ്ണക്കപ്പലുകളെ സംരക്ഷിക്കാൻ യുദ്ധക്കപ്പലുകളയച്ച് സഹായിക്കണമെന്ന് ട്രംപ് വിവിധരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഹോർമുസ് അടച്ചത് ബാധിക്കുന്ന ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണകൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ നാവിക അകമ്പടി നൽകുന്നതിനായി മേഖലയിലേക്ക് കപ്പലയക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.

ട്രംപിന്റെ പ്രസ്താവന നിരീക്ഷിക്കുകയാണെന്ന് ദക്ഷിണകൊറിയ പറഞ്ഞു. ഹോർമുസിലേക്ക് നാവികസേനയെ അയക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജപ്പാൻ വ്യക്തമാക്കി. എന്നാൽ, ബ്രിട്ടൻ ഇക്കാര്യത്തിൽ അനുകൂലമായി ഒന്നും പറഞ്ഞില്ല. ഹോർമുസിലെ കപ്പൽഗതാഗതത്തിന്റെ സുരക്ഷയുറപ്പാക്കാൻ സഖ്യകക്ഷികളും പങ്കാളികളുമായി ചർച്ചനടത്തുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം പറഞ്ഞു. യു.എസും ഇസ്രയേലും ചേർന്ന് ഇതുവരെ ഇറാനിൽ 15,000 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് പെന്റഗൺ അറിയിച്ചു.