ഉംറ വിസ ഇഷ്യു, സഊദി പ്രവേശനം അവസാന തിയ്യതികൾ പ്രഖ്യാപിച്ചു; ഉംറ വിസക്കാർ ഏപ്രിൽ 18 ന് മടങ്ങണമെന്നും മന്ത്രാലയം 

0
11

റിയാദ്: ഉംറ വിസ നൽകുന്നതിനുള്ള അവസാന തീയതി ശവ്വാൽ മാസത്തിന്റെ ആദ്യ ദിവസമാണെന്നും തീർത്ഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി ശവ്വാൽ 15 ആണെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസക്കാർക്ക് രാജ്യത്ത് തങ്ങാനുള്ള അവസാന തീയതി ദുല്‍ഖഅദ് ഒന്ന് അഥവാ ഏപ്രില്‍ 18 ആണെന്നും ഹജ്ജ് ഉംറ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ഈ ദിവസത്തിന് ഉള്ളിൽ ഉംറ വിസക്കാർ സഊദി വിട്ടിരിക്കണം. അല്ലെങ്കിൽ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരും. സഊദി ഉംറ കമ്പനികളുമായി ശനിയാഴ്ച വീഡിയോ കോൺഫറൻസ് വഴി നടന്ന പതിനേഴാമത് ആനുകാലിക യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സാധുവായ ഹജ്ജ് വിസയില്ലാതെ ഹജ്ജ് ഇല്ലെന്നും ഉംറ വിസ ഉപയോഗിച്ച് ഹജ്ജ് നടത്താൻ കഴിയില്ലെന്നും അധികൃർ ചൂണ്ടിക്കാട്ടി.

ഹജ്ജ്-ഉംറ കമ്പനികളുടെ ശ്രമങ്ങളെയും റമദാൻ സീസണിലെ അവരുടെ സഹകരണത്തെയും അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരുടെ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനും അവരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതിനും അവർ ചെയ്ത പ്രവർത്തനങ്ങളെയും ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പ്രശംസിച്ചു.

നിർദ്ദിഷ്ട തീയതികൾക്കനുസരിച്ച് തീർത്ഥാടകരെ വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോകൽ, “നുസ്ക് മസാർ” പ്ലാറ്റ്‌ഫോം വഴി അവരുടെ പുറപ്പെടൽ ഡാറ്റ തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നും നിർദേശം നൽകി.