അഹമ്മദാബാദ്: ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് ബി സി സി ഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 2026 ലെ ഐ സി സി പുരുഷ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് കിരീടം നിലനിർത്തിയ ചരിത്ര നേട്ടത്തിന് പിന്നാലെയാണ് ചൊവ്വാഴ്ച ബി സി സി ഐ വമ്പൻ സമ്മാനത്തുക പ്രഖ്യാപിച്ചത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ 96 റൺസിനായിരുന്നു സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പടയുടെ വിജയം. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായും മൂന്ന് തവണ ഈ കിരീടം നേടുന്ന ഏക രാജ്യമായും ഇന്ത്യ ചരിത്രം കുറിച്ചു.
വിജയശില്പികളായ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സെലക്ടർമാർക്കും ബി സി സി ഐ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ആഴവും പ്രതിഭകളെ വളർത്തിയെടുക്കുന്നതിലെ മികവുമാണ് ഈ വിജയമെന്ന് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം മണ്ണിൽ കിരീടം നിലനിർത്താനായത് അഭിമാനകരമാണെന്ന് ബി സി സി ഐ പ്രസിഡന്റ് മിഥുൻ മൻഹാസ് അഭിപ്രായപ്പെട്ടു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ്ണ കാലഘട്ടമാണിതെന്ന് സെക്രട്ടറി ദേവജിത് സൈകയും കൂട്ടിച്ചേർത്തു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോറായ 255 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡിനെ 159 റൺസിന് പുറത്താക്കിയാണ് ഇന്ത്യ 14-ാമത് ഐ സി സി കിരീടം സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ ഐ സി സി ട്രോഫികൾ നേടുന്ന രാജ്യമെന്ന റെക്കോർഡിൽ ഓസ്ട്രേലിയയെ ഇന്ത്യ മറികടന്നു.
