റിയാദ്: പശ്ചിമേഷ്യയിലെ അപ്രതീക്ഷിത യുദ്ധ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികളും ഗള്‍ഫിലെ പ്രമുഖ വിമാനക്കമ്പനികളും സര്‍വീസ് നിര്‍ത്തിയപ്പോഴും ഇന്‍ഡ്യയിലേക്ക് സര്‍വീസ് നടത്തുന്ന സഊദി എയര്‍ലൈന്‍സ്, ഫ്ലൈ നാസ് കമ്പനികളുടെ സര്‍വീസ് മലയാളികള്‍ അടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം നല്‍കുന്നു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഈ രണ്ട് വിമാന കമ്പനികളും സര്‍വീസ് നടത്തുന്നത് പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാണ്.
റിയാദില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് സഊദി എയര്‍ലൈന്‍സിന്റെ സര്‍വീസ് ഉണ്ട്. ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ നാസ് റിയാദ് – കോഴിക്കോട് സെക്ടറിലും സര്‍വീസ് നടത്തുന്നത് സഊദിയിലെ മാത്രമല്ല മറ്റ് ഗൾഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഇപ്പോള്‍ ഏറെ അനുഗ്രഹമായിരിക്കുകയാണ്. മറ്റ് ഗൾഫ് രാജ്യങ്ങളില്‍ നിന്നുള്ളവരും റിയാദ്, ജിദ്ദ വഴി ഇപ്പോള്‍ നാട്ടിലേക്ക് പോകുന്നുണ്ട്.
റിയാദില്‍ നിന്നും കൊച്ചിയിലേക്ക് സഊദി എയര്‍ലൈന്‍സിന്റെ പ്രതിദിന സര്‍വീസ് ഉണ്ട്. റിയാദ് – കോഴിക്കോട് റൂട്ടില്‍ ആഴ്ചയില്‍ നാല് സര്‍വീസ് ആണ് ഇപ്പോൾ ഉള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍
വലിയ വിമാനങ്ങള്‍ക്ക് നിരോധനം വന്നപ്പോള്‍ ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും ഉണ്ടായിരുന്ന സര്‍വ്വീസ് നിര്‍ത്തിയിരുന്നു. ജനപ്രതിനിധികളും മലബാര്‍ ഡെവലപ്മെന്റ് ഫോറം ഭാരവാഹികളും നടത്തിയ പരിശ്രമ ഫലമായി കഴിഞ്ഞ ഫെബ്രുവരി ഒന്ന് മുതലാണ് ചെറിയ വിമാനം ഉപയോഗിച്ച് റിയാദ് – കോഴിക്കോട് സര്‍വീസ് സഊദി എയര്‍ലൈന്‍സ് പുനരാരംഭിച്ചത്. സഊദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് സര്‍വീസ് എല്ലാ ദിവസവും വേണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
ഫ്ലൈ നാസ് ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുന്നുണ്ട്.
പ്രത്യേക സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് നാട്ടില്‍ പോവാനും നേരത്തെ നാട്ടില്‍ പോയവര്‍ക്ക് വിസ കാലാവധി തീരും മുമ്പ് സഊദിയില്‍ തിരിച്ചെത്താനും ഇപ്പോള്‍ പ്രവാസികളുടെ ആശ്രയം ഈ രണ്ട് സൗദി വിമാനങ്ങള്‍ മാത്രമാണ്. സഊദി യര്‍ലൈന്‍സിന്റെ റിയാദ് – തിരുവനന്തപുരം സര്‍വീസ് പുന:രാരംഭിക്കണമെന്ന് കഴിഞ്ഞ ദിവസം സൗദിയ പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടിരുന്നു.
റമദാൻ – പെരുന്നാള്‍ തിരക്ക് പ്രമാണിച്ച് സഊദി എയര്‍ലൈന്‍സിന്റെ റിയാദ് – കോഴിക്കോട് സര്‍വീസ് ആഴ്‌ചയില്‍ എല്ലാ ദിവസവും വേണമെന്ന് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെഎംസിസി ആവശ്യപ്പെട്ടു. ഗള്‍ഫിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സഊദി എയര്‍ലൈന്‍സിന്റെ വലിയ വിമാനത്തിന് അനുമതി നല്‍കണമെന്നും പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍, ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.





