ജല ശുദ്ധീകരണ പ്ലാന്റ് ആക്രമണം; യുഎസിന് തിരിച്ചടി അതേ നാണയത്തിൽ എന്ന് ഇറാൻ

ദുബായ്/ ടെഹ്റാൻ: ഒരാഴ്ച പിന്നിട്ട യുദ്ധത്തിൽ ഇന്നലെ ഗൾഫിലെ കടൽവെള്ള ശുദ്ധീകരണ പ്ലാന്റും ഇറാൻ ആക്രമിച്ചു. മേഖലയിലെ രാജ്യങ്ങളിൽ ശുദ്ധീകരിച്ച കടൽവെള്ളമാണു കുടിവെള്ളത്തിനു മുഖ്യമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം യുഎസ് ആക്രമണത്തിൽ തെക്കൻ ഇറാനിലെ ഖേഷം ദ്വീപിലെ കടൽവെള്ള ശുദ്ധീകരണപ്ലാന്റ് തകർന്നിരുന്നു. ഇതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണു ബഹ്റൈനിലെ പ്ലാന്റ് ആക്രമിച്ചത്.

ഗൾഫ് തീരങ്ങളിൽ നൂറുകണക്കിനു കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളാണു സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച രാത്രിയിൽ ടെഹ്റാനിനു സമീപത്തെ 4 എണ്ണ സംഭരണശാലകളിലാണ് ഇസ്രയേൽ ബോംബിട്ടത്. റിഫൈനറികളും ലക്ഷ്യമിട്ടു. സ്ഫോടനത്തിൽ എണ്ണസംഭരണശാലകളിൽനിന്നും ആകാശംമുട്ടെ തീ ഉയർന്നു. ഇതെത്തുടർന്ന് ചിലയിടങ്ങളിൽ എണ്ണകലർന്ന മഴ പെയ്തു. ഷാ ഭരണകാലത്ത് ഇറാൻ വാങ്ങിയ യുഎസ് നിർമിത എഫ് 14 യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ട് തെക്കൻ ടെഹ്റാനിലെ ഇഷ്ഫഹാൻ വിമാനത്താവളത്തിലും ഇസ്രയേൽ ബോംബിട്ടു.