റിയാദ്: താമസസ്ഥലത്ത് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു. പാലത്ത് കക്കോടി കിഴക്കഞ്ചേരി വീട്ടിൽ രാധാകൃഷ്ണൻ പാലത്ത് (62) ആണ് റിയാദിലെ മലസ് കെയർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ചത്.
താമസസ്ഥലത്ത് വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ആരുമറിയാതെ കിടന്ന രാധാകൃഷ്ണനെ, രാത്രി വൈകിയും കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളും സ്പോൺസറും കണ്ടെത്തി പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുപ്രിയ. മക്കൾ: സ്നേഹ കൃഷ്ണൻ, സോന കൃഷ്ണൻ. മരുമകൻ: ശരത് കൃഷ്ണ (ദുബായ്).
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷറഫു തേഞ്ഞിപ്പലം എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ചെയർമാൻ അസ്ലം പാലത്ത്, ഷരീഖ് തൈക്കണ്ടി, സജീഷ് എന്നിവരും പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.
