റിയാദ്: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി ആക്രമണ ശ്രമങ്ങൾ രൂക്ഷം. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയെത്തിയ ഡ്രോൺ-ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമങ്ങളെ വിജയകരമായി പരാചയപ്പെടുത്തിയതായി സഊദി പ്രതിരോധ സേന അറിയിച്ചു. തലസ്ഥാന നഗരമായ റിയാദിനേയും തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഡസൻ കണക്കിന് ഡ്രോണുകളും മിസൈലുകളും കുതിച്ചെത്തിയത്.
തന്ത്രപ്രധാന കേന്ദ്രങ്ങളായ അമീർ സുൽത്താൻ എയർബേസ്, ഷൈബ എണ്ണപ്പാടം, റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടർ എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമങ്ങൾ.
റിയാദിന് വടക്കുഭാഗത്ത് രണ്ട് ഡ്രോണുകളും കിഴക്കൻ മേഖലയിൽ എത്തിയ 17 ഡ്രോണുകളുമാണ് ആക്രമണത്തിനായി എത്തിയത്. കൂടാതെ, വിവിധ വ്യോമപരിധികളിലേക്ക് അതിക്രമിച്ചു കയറിയ നിരവധി ഡ്രോണുകളെയും സൈന്യം വെടിവെച്ചിട്ടു. റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് നേരെയും ആക്രമണ ശ്രമം ഉണ്ടായി. എയർബേസിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തടഞ്ഞു നശിപ്പിച്ചു.
തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും എവിടെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
