റിയാദിന് സമീപം മിസൈൽ പതിച്ച് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്

0
29

റിയാദ്: സഊദി തലസ്ഥാന നഗരമായ റിയാദിന് സമീപം അൽ ഖർജ് മേഖലയിലെ താമസസ്ഥലത്ത് മിസൈൽ പതിച്ച് ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് വിഭാഗമാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഒരു പ്രമുഖ ക്ലീനിങ് ആൻഡ് മെയിന്‍റനൻസ് കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന സ്ഥലത്താണ് മിസൈൽ പതിച്ചത്. അപകടത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് പൗരന്മാരാണെന്നും അധികൃതർ വ്യക്തമാക്കി. സിവിൽ ഡിഫൻസ് വക്താവ് നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച (മാർച്ച് എട്ട്) ആണ് സംഭവം നടന്നത്. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

മിസൈൽ ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. സംഭവത്തിൽ സ്വീകരിക്കേണ്ട നിയമപരമായ നടപടികൾ അധികൃതർ പൂർത്തിയാക്കി വരികയാണ്.

അതിനിടെ, സുരക്ഷാ ചുമതലകളുടെ ഭാഗമായി ദേശീയ കടമ നിര്‍വഹിക്കുന്നതിനിടെ തങ്ങളുടെ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലാന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റിയിലെ അംഗങ്ങളായ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ഇമാദ് അല്‍ശറാഹ്, മേജര്‍ ഫഹദ് അബ്ദുല്‍ അസീസ് അല്‍മുജമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണ് ഇരുവരും രക്തസാക്ഷികളായതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു