കൊല്‍ക്കത്ത: രാഷ്ട്രപതിയുടെ ബംഗാള്‍ സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം. സംസ്ഥാനത്ത് എത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു വ്യക്തമാക്കി.
മമത ബാനര്‍ജി സഹോദരിയെപ്പോലെയാണെന്നും താനും ബംഗാളിന്റെ മകളാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു. തന്റെ അമര്‍ഷം പരസ്യമാക്കിയ രാഷ്ട്രപതി മമതാ ബാനര്‍ജിക്ക് തന്നോട് പിണക്കമുണ്ടോ എന്ന് അറിയില്ലെന്നും പറഞ്ഞു. ആദിവാസി ക്ഷേമ പരിപാടിയില്‍ എന്തിനാണ് പ്രശ്നമെന്ന് ദ്രൗപതി മുര്‍മു ചോദിച്ചു.
കൂടാതെ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്ന വേദി മാറ്റിയതിലും രാഷ്ട്രപതി അതൃപ്തി പ്രകടമാക്കി. അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സ്, പശ്ചിമ ബംഗാളിളിലെ ബിധാന്‍ നഗറില്‍ നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പൂറിലേക്ക് മാറ്റിയിരുന്നു. താരതമ്യേന ചെറിയ വേദിയാണ് ഗോഷായ്പൂരിലേത്.
സുരക്ഷാകാരണങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മാറ്റം. എന്നാല്‍ വേദി മാറ്റിയതിനാല്‍ നിരവധി ഗോത്ര സമുദായങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനായില്ലെന്നും ആദ്യത്തെ വേദിയായിരുന്നെങ്കില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.
സാന്താള്‍ ജനതയ്ക്ക് എത്താന്‍ കഴിയാത്ത ഒരു സ്ഥലമാണ് ഭരണകൂടം സമ്മേളനത്തിനായി തെരഞ്ഞെടുത്തത്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. വളരെ അകലെ ഒരു സ്ഥലത്ത് സമ്മേളനം വെച്ചതിനാല്‍ ഇവിടെയുള്ളവര്‍ക്ക് അവിടെ എത്താന്‍ കഴിയില്ലല്ലോ, അതില്‍ എനിക്ക് വലിയ സങ്കടമുണ്ട്. ആര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ രാഷ്ട്രപതി വെറുതെ മടങ്ങിപ്പോകുമെന്ന് ഭരണകൂടം പ്രതീക്ഷിച്ചിരിക്കാം. രാഷ്ട്രപതി ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. പക്ഷെ മമത ബാനര്‍ജി വന്നില്ലെന്നും ദ്രൗപതി മുര്‍മു കൂട്ടിച്ചേര്‍ത്തു.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തൃണമൂല്‍ സര്‍ക്കാരിന്റേത് ലജ്ജാകരമായ നടപടിയാണെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തിലും ഗോത്രവര്‍ഗ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരെയും ഈ സംഭവം നിരാശപ്പെടുത്തിയെന്നും ഗോത്രവര്‍ഗത്തില്‍ നിന്നുള്ള രാഷ്ട്രപതി പ്രകടിപ്പിച്ച വേദന ഇന്ത്യയിലെ ജനങ്ങളുടെ മനസിലും വലിയ വേദനയുണ്ടാക്കിയതായി മോദി പറഞ്ഞു. ഇത് മുൻപൊരിക്കലും നടക്കാത്തതും ലജ്ജാകരവുമാണെന്നും മോദി കൂട്ടിച്ചേർത്തു. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
എന്നാല്‍ പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രപതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. മധ്യപ്രദേശിലോ ഛത്തീസ്ഗഡിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് മമത ബാനര്‍ജി ചോദിച്ചു. ബിജെപിയുടെ ഉപദേശ പ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി രാഷ്ട്രപതിയെ ഉപയോഗപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.
