ഉച്ചയൂണിന് അടുപ്പിച്ച് മൂന്ന് ദിവസം സാമ്പാര്‍; ഭര്‍ത്താവ് വഴക്കിട്ടതിന് യുവതി ജീവനൊടുക്കി

ഉച്ചയൂണിന് മൂന്ന് ദിവസമായി സാമ്പാര്‍ മാത്രം വിളമ്പിയതില്‍ ഭര്‍ത്താവ് വഴക്കിട്ടതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. കാവ്യ (27) ആണ് വിഷം കഴിച്ച് മരിച്ചത്. മൂന്ന് ദിവസം മുന്‍പുണ്ടാക്കിയ സാമ്പാര്‍ ചൂടാക്കിയാണ് കാവ്യ എന്നും വിളമ്പിയത്. ഭര്‍ത്താവ് രംഗസ്വാമി ഇത് ചോദിക്കുകയും കാവ്യയെ അസഭ്യം പറയുകയും ചെയ്തു. 

ഭര്‍ത്താവ് പറഞ്ഞ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്നും തനിക്കിനി ജീവിക്കേണ്ടെന്നും കാവ്യ കുടുംബാംഗങ്ങളോട് പറഞ്ഞു. പിന്നാലെ കാര്‍ഷികാവശ്യങ്ങള്‍ക്കായി വീട്ടില്‍ വച്ചിരുന്ന കീടനാശിനി എടുത്ത് കുടിക്കുകയായിരുന്നു. പിന്നാലെ ഛര്‍ദിക്കാന്‍ തുടങ്ങി. അബോധാവസ്ഥയിലായ കാവ്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാവ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചുവര്‍ഷം മുന്‍പാണ് രംഗസ്വാമിയെ കാവ്യ വിവാഹം കഴിച്ചത്. നാലുവയസുള്ള കുഞ്ഞുണ്ട്.