കാരുണ്യം ചൊരിഞ്ഞ് KMCC; നാലരകോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ നൽകി സഊദി KMCC 

0
6

സഊദി കെ.എം.സി.സിയുടെ കർമ്മപദ്ധതികൾ മാതൃകാപരം: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: കാരുണ്യ പ്രവർത്തന രംഗത്ത് സഊദി കെഎംസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അപ്രതീക്ഷിതമായി വീണുപോകുന്നവരെ ചേർത്തുപിടിക്കുന്ന മുസ്ലിംലീഗിന്റെ ദൗത്യം പരിമിതിക്കുള്ളിൽ നിന്നുകൊണ്ടും പ്രവാസലോകത്തും ഏറ്റുപിടിക്കുന്നതിൽ സഊദി കെഎംസിസി മുൻപന്തിയിലാണ്. സമാധാനവും സൗഹൃദവും സാഹോദര്യവും സംയമനവും കൈമുതലാക്കി ആലംബഹീനരാകുന്നവരെ സംരക്ഷിക്കുന്ന മുസ്ലിംലീഗ് പാർട്ടിയുടെ നയം പ്രവാസലോകത്തുള്ള മലയാളി സമൂഹത്തിനും ലഭ്യമാകുമ്പോൾ അതേറെ അഭിമാനകരമാണെന്ന് തങ്ങൾ പറഞ്ഞു . മറ്റാർക്കും ചെയ്യാൻ സാധിക്കാത്ത അസാമാന്യമായ ഈ ദൗത്യം ഭദ്രമായി മുന്നോട്ട് കൊണ്ടുപോകാനും പ്രവാസികൾക്ക് സുരക്ഷിതത്വമൊരുക്കാനും ജാഗ്രത പാലിക്കണമെന്നും തങ്ങൾ നിർദേശിച്ചു.

ഗൾഫ് മേഖലയിൽ യുദ്ധഭീതിയുണർത്തുന്ന പ്രത്യേക സാഹചര്യത്തിൽ ലോക സമാധാനത്തിനും പ്രവാസികളുടെ ക്ഷേമത്തിനുമായി സാദിഖലി തങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തി.

സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിൽ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2025-26 വർഷത്തെ അവസാന ഘട്ട ആനുകൂല്യ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ . പാണക്കാട് ഹാദിയ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നാഷണൽ കെഎംസിസി കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ 64 പേരുടെ കുടുംബത്തിന് നാലര കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്.

പ്രവാസലോകത്തെ കഠിനാധ്വാനത്തിനിടയിൽ ആരോഗ്യം നോക്കാൻ മറന്നവർ സ്വപ്നങ്ങൾ ബാക്കിവെച്ച് അപ്രതീക്ഷിതമായി വിടവാങ്ങുമ്പോൾ അനാഥമാകുന്ന ആ കുടുംബങ്ങൾക്ക് തണലൊരുക്കാൻ സഊദി കെഎംസിസിയൊരുക്കിയ ഈ പദ്ധതി 13 വർഷം പൂർത്തിയാക്കുമ്പോൾ 765 പേരാണ് ഈ കാലയളവിൽ ഇഹലോകവാസം വെടിഞ്ഞത്. മുവ്വായിരത്തിലധികം പേർക്ക് ചികിത്സാ സഹായവും നൽകി.

ചടങ്ങിൽ സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. ​മുസ്‌ലിം ലീഗ് നേതാക്കളായ ഉമ്മർ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി പി സൈതലവി,അബ്ദുറഹിമാൻ രണ്ടത്താണി, വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി അബ്ദുൽ ഹമീദ് മാസ്റ്റർ, ജനറൽ സെക്രട്ടറി എം.എ അസീസ് ചേളാരി, എ പി ഇബ്രാഹിം മുഹമ്മദ് , കുന്നുമ്മൽ കോയ എന്നിവർ ആശംസകൾ നേർന്നു.

നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള പദ്ധതി വിശദീകരിച്ചു. സുരക്ഷാ പദ്ധതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ സംസാരിച്ചു. നാഷണൽ കമ്മിറ്റി ഭാരവാഹികളായ വി.കെ മുഹമ്മദ്, മുഹമ്മദ് കുട്ടി മാതാപുഴ, അബൂബക്കർ അരിമ്പ്ര, മുജീബ് പൂക്കോട്ടൂർ, നജീബ് നെല്ലാങ്കണ്ടി , ഷൗക്കത്ത് കടമ്പോട്ട് , ഹാരിസ് പെരുവള്ളൂർ, മൂസ മോങ്ങം, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും സി.പി ഷെരീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും രേഖപ്പെടുത്തി. ലത്തീഫ് മുസ്ലിയാരങ്ങാടി, സിദ്ദിഖ് കോഴിച്ചെന, ബഷീർ കൂട്ടായി, മുസ്തഫ മൊറയൂർ, ലുക്മാൻ ചേലേമ്പ്ര , അബ്ദു മുട്ടിച്ചിറ, തുടങ്ങി വിവിധ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും കെഎംസിസി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.