കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതോടെ കേരളത്തിൽ നിന്നുള്ള അരി–പലവ്യഞ്ജന കയറ്റുമതി നിലച്ചു. അരിയും പലവ‍്യഞ്ജനങ്ങളും കയറ്റിയ നൂറിലേറെ കണ്ടെയ്നറുകൾ തുറമുഖത്തും വിമാനത്താവളത്തിലും കെട്ടിക്കിടക്കുകയാണ്. കണ്ടെയ്നർ, തുറമുഖ വാടകയിനത്തിലും കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് അരിക്കമ്പനികൾക്കുണ്ടായിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മട്ട അരി കയറ്റി അയയ്ക്കുന്നത് കേരളത്തിൽ നിന്നാണ്. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ, യുഎസ്, ഓസ്ട്രേലിയ തുടങ്ങി 22 രാജ്യങ്ങളിലേക്കു കയറ്റുമതിയുണ്ട്. ഇതിൽ ഭൂരിപക്ഷവും ഗൾഫിലേക്കാണ്. ഇവിടേക്കുള്ള കയറ്റുമതി ഒരാഴ്ചയായി നിലച്ചതായി അരി കയറ്റുമതിയിൽ മൂന്നിലൊന്ന് ഓഹരിയുള്ള പവിഴം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.പി.ജോർജ് പറഞ്ഞു.
80% കയറ്റുമതി കപ്പൽ മാർഗവും 20% വിമാനമാർഗവുമാണ്. കേരളത്തിൽ നിന്ന് 10–15 അരിക്കമ്പനികളാണ് സ്ഥിരമായി കയറ്റുമതി ചെയ്യുന്നത്. പവിഴത്തിന്റെ 40 കണ്ടെയ്നറുകൾ തുറമുഖത്തും വിമാനത്താവളത്തിലും നടുക്കടലിലുമായി കിടക്കുകയാണ്. ബാക്കിയുളള കമ്പനികളുടെ 60ൽപരം കണ്ടെയ്നറുകളും പാതിവഴിയിലാണ്. കയറ്റുമതി നിലവാരത്തിൽ നിർമിച്ചതിനാൽ ഇവ കേടാകില്ലെന്ന ആശ്വാസമാണ് കമ്പനികൾക്കുള്ളത്.
ചില കമ്പനികളിൽ കയറ്റുമതി ലക്ഷ്യമിട്ടുള്ള നിർമാണത്തിന് പ്രത്യേക ഗുണനിലവാര പ്ലാന്റുകളുണ്ട്. യുദ്ധ പ്രതിസന്ധി വന്നതോടെ ഈ പ്ലാന്റുകളുടെ പ്രവർത്തനം നിർത്തി. ഈ പ്ലാന്റിൽ നേരിട്ടും അല്ലാതെയും പണിയെടുക്കുന്ന തൊഴിലാളികൾക്കു ജോലിയില്ലാതായി.
കടപ്പാട്: മനോരമ ഓൺലൈൻ
