അബൂദബി: യുദ്ധസമാനമായ സാഹചര്യത്തിൽ മിസൈൽ ആക്രമണങ്ങളുടെയോ അവ വീണുണ്ടാകുന്ന ആഘാതങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും എതിരെ കർശന മുന്നറിയിപ്പുമായി യു എ ഇ അറ്റോർണി ജനറൽ ഡോ ഹമദ് സൈഫ് അൽ ശംസി രംഗത്തെത്തി.
മിസൈലുകൾ പതിക്കുന്ന സ്ഥലങ്ങൾ, അവയുടെ അവശിഷ്ടങ്ങൾ, അതുവഴിയുണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവ ഫോട്ടോ എടുക്കുന്നതോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതോ നിയമലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ജനങ്ങൾക്കിടയിൽ ഭീതി പരത്താനും രാജ്യത്തെ കുറിച്ചുള്ള തെറ്റായ ചിത്രം ലോകത്തിന് നൽകാനും കാരണമാകും. ഇത്തരം പ്രവൃത്തികൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗിക പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ജനജീവിതം സാധാരണ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിസൈൽ ആക്രമണം നടന്നുവെന്ന് തെറ്റായി തോന്നിപ്പിക്കുന്ന രീതിയിൽ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ആക്രമണം നടക്കാത്ത ഇടങ്ങളിൽ നടന്നുവെന്ന് വരുത്തിത്തീർക്കുന്ന ദൃശ്യങ്ങൾ നിർമ്മിക്കുന്നവർക്കും ഷെയർ ചെയ്യുന്നവർക്കും എതിരെ പബ്ലിക് പ്രോസിക്യൂഷൻ കർശന നടപടി സ്വീകരിക്കും. ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.





