റിയാദ്: പുണ്യ മാസമായ റമദാന്‍ പ്രമാണിച്ച് ഉംറ നിര്‍വ്വഹിക്കാനും പ്രവാചക നഗരിയായ മദീന സന്ദര്‍ശനത്തിനുമായി മലബാര്‍ മേഖലയില്‍ നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ മക്കയിലേക്കും മദീന യിലേക്കും എത്തുന്നുണ്ട്. എന്നാല്‍, കോഴിക്കോട് ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തത് ഇവര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഹജ്ജ് സീസണില്‍ ഒഴികെ കേരളത്തില്‍ നിന്നും മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല.
നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍
കേരളത്തില്‍ നിന്ന് പ്രവാചക നഗരിയായ മദീനയിലെത്താന്‍ വിവിധ ഗൾഫ് നഗരങ്ങള്‍ വഴിയുള്ള കണക്ഷന്‍ വിമാനങ്ങളാണ് ആശ്രയം. ഇത് പ്രായമായവര്‍ക്കും കുടുംബ സമേതം പോകുന്നവവര്‍ക്കും വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ
ഇപ്പോഴത്തെ യുദ്ധ സാഹചര്യത്തില്‍ പല ഗൾഫ് വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇത് കാരണം പ്രവാസികള്‍ക്കൊപ്പം തീര്‍ത്ഥാടകരുടെ യാത്രയും മുടങ്ങിയിരിക്കുകയാണ്.

പ്രവാസികളുടേയും തീര്‍ത്ഥാടകരുടേയും സൗകര്യം പരിഗണിച്ച് കോഴിക്കോട് – മദീന സെക്ടറില്‍ നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി ആവശ്യപ്പെട്ടു. പുതിയ സാഹചര്യത്തില്‍ ഇത് തീര്‍ത്ഥാടകര്‍ക്ക് പുറമെ പ്രവാസികൾക്കും ഏറെ അനുഗ്രഹമാവുമെന്ന് കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍, ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു.