സഊദിയിൽ വീണ്ടും ഡ്രോൺ ആക്രമണം; ലക്ഷ്യമിടുന്നത് തന്ത്രപ്രധാന കേന്ദ്രങ്ങൾ

0
6
  • ഇന്ന് സഊദി ലക്ഷ്യമാക്കി എത്തിയത് ഏഴു ഡ്രോണുകൾ

റിയാദ്: സഊദി അറേബ്യയിലെ പ്രധാന കേന്ദ്രങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം. സഊദി എണ്ണ കമ്പനിയായ അരാംകോയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയിലും അല്‍ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെയുമാണ് ഇറാന്റെ ആക്രമണം ഉണ്ടായത്. ഷഹീദ്–136 ഡ്രോണ്‍ ആണ് ഇറാന്‍ പ്രയോഗിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡ്രോണ്‍ പതിച്ചതിന് പിന്നാലെ പ്ലാന്റിൽ തീ പിടിത്തമുണ്ടായി. ആള്‍നാശമോ മറ്റ് നഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിഫൈനറി ആക്രമിക്കാൻ ശ്രമിച്ച രണ്ട് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി സഊദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.

ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില പ്രവർത്തന യൂണിറ്റുകൾ മുൻകരുതൽ നടപടിയായി അടച്ചുപൂട്ടിയിട്ടുണ്ട്. പ്രാദേശിക വിപണിയിലേക്കുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തെ ഇത് ബാധിച്ചില്ല. അതേസമയം, ഹൂതികളാണ് ആക്രമണം നടത്തിയതെന്നും ഇറാന്‍ നേരിട്ടല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിന്നാലെയാണ് അല്‍ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നത്. വ്യോമതാവളത്തിനു സമീപം അഞ്ച് ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി സഊദി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി വെളിപ്പെടുത്തി.