ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; ബഹ്‌റൈനിൽ യുവാവ് പിടിയിൽ

0
2
  • വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കുകയും ചെയ്തതിനാണ് നടപടി.

മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച 35 വയസ്സുകാരനെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് സൈബർ സെക്യൂരിറ്റിയാണ് പ്രതിയെ പിടികൂടിയ വിവരം അറിയിച്ചത്. വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവ നിയമവിരുദ്ധമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കുകയും ചെയ്തതിനാണ് നടപടി.

ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ദോഷകരമായി ബാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായ വ്യക്തിക്കെതിരെയുള്ള നിയമ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. കേസ് ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

രാജ്യസുരക്ഷയെ ബാധിക്കുന്നതോ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നതോ ആയ സന്ദേശങ്ങളും വീഡിയോകളും നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇത്തരക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.