അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; ഖമനയിയുടെ മരണത്തിന് പ്രതികാരം, ഇറാന്‍

ചര്‍ച്ചയ്ക്ക് തയറായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍. അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് ഇറാന്‍റെ സുരക്ഷാ മേധാവി അലി ലറിജാനി. സമൂഹമാധ്യമമായ എക്സിലാണ് ട്രംപിന്‍റെ വാക്കുകളെ തള്ളി സുരക്ഷാ മേധാവിയുടെ പ്രതികരണം.

ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിക്കുകയും  ചെയ്തു. ലെബനനില്‍ നിന്ന് ഹിസ്ബുല്ലയെ ഉപയോഗിച്ചും ഇസ്രയേലിനെതിരെ ഇറാന്‍ പൊരുതുന്നുണ്ട്. ദുബായ് വിമാനത്താവളം, ബുര്‍ജ് ഖലീഫ, ബഹ്റൈനിലെയും കുവൈത്തിലെയും ഖത്തറിലെയും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവിടങ്ങളാണ് ഇറാന്‍ ലക്ഷ്യമിട്ടത്.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ക്കായി ഇറാന്‍ തന്നെ സമീപിച്ചുവെന്നും എന്നാല്‍ ഒരാഴ്ച മുന്‍പേ ഈ നിലപാട് സ്വീകരിക്കണമായിരുന്നുവെന്നുമാണ് താന്‍ മറുപടി നല്‍കിയതെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.  ഇറാന്‍റെ സൈനികാസ്ഥാനം തകര്‍ത്തുവെന്നും നേവിയുടെ ഏഴ് കപ്പലുകള്‍ നശിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്‍റെ തിരിച്ചടിയില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നുമാണ് ട്രംപ് പ്രതികരിച്ചത്. 

അതേസമയം, 560 അമേരിക്കന്‍ സൈനികരെ തങ്ങള്‍ വധിച്ചുവെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.  കുവൈത്തിലെ അമേരിക്കന്‍ സൈനികത്താവളം പൂര്‍ണമായും നശിപ്പിച്ചുവെന്നും ബഹ്റൈനിലെ സൈനികത്താവളത്തില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയെന്നുമാണ് ഇറാന്‍ കമാന്‍ഡര്‍ വിഡിയോയില്‍ വ്യക്തമാക്കിയത്. 

അതിനിടെ ടെഹ്റാനിലെ ആശുപത്രി ഇസ്രയേല്‍ ആക്രമിച്ചു. കനത്ത നാശനഷ്ടമാണ് ഉണ്ടായത്.  ആശുപത്രികളെ ആക്രമിക്കാനുള്ള നീക്കം അപലപനീയമാണെന്നും ആശുപത്രികളടക്കമുള്ള സ്ഥലങ്ങളെ ആക്രമണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ലോകാരോഗ്യസംഘടന അഭ്യര്‍ഥിച്ചിട്ടുണ്ട്.