‘പ്രതികാരത്തിന്റെ പതാക’: ചുവന്ന കൊടി ഉയർത്തി ഇറാൻ

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെ ‘പ്രതികാരത്തിന്റെ പതാക’ ഉയർത്തി ഇറാൻ. ഖോമിലെ ജംകരാൻ പള്ളിയുടെ താഴികക്കുടത്തിന് മുകളിലാണ് ഇറാൻ ചുവന്ന കൊടി ഉയർത്തിയത്. ഷിയ ആചാരപ്രകാരം നീതി, പ്രതികാരം എന്നിവ സൂചിപ്പിക്കുന്നതാണ് ചുവന്ന കൊടി.

രക്തസാക്ഷിത്വം, കൊടിയ അനീതി എന്നിവയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരം കൊടികൾ പള്ളിക്കു മുകളിൽ ഉയർത്തുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം ഇനിയും രൂക്ഷമാകാമെന്ന സൂചനയാണ് ഇത് നൽകുന്നത്.

ശനിയാഴ്ചയാണ് യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും ഉന്നത ഇറാൻ ഉദ്യോഗസ്ഥരും ഖമനയിക്കൊപ്പം കൊല്ലപ്പെട്ടിരുന്നു. ഇറാൻ സൈന്യത്തിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പൗറും  കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഞായറാഴ്ചയാണ് ഖമനയി കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.