യൂണിഫോമിൽ റീൽസ് ചിത്രീകരണം; പോലീസ് ട്രെയിനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഭോപ്പാൽ: യൂണിഫോമിൽ റീൽസ് ചിത്രീകരിച്ച പൊലീസ് ട്രെയിനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്. രേവയിലെ പൊലീസ് പരിശീലന സ്കൂളിൽ (പി‌ടി‌എസ്) പരിശീലനം നേടുന്ന ആറ് ട്രെയിനികൾക്കാണ് നോട്ടീസ് അയച്ചത്. 2026 ഫെബ്രുവരി 25ന് ഉച്ചകഴിഞ്ഞാണ് റീൽസ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്. മണിക്കൂറുകൾക്കം വീഡിയോ വൈറലാകുകയും ചെയ്തു.

പരിശീലന സെഷനുകൾക്കിടയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനുള്ള നിർദേശങ്ങൾ ഇൻസ്ട്രക്ടർമാർ ആവർത്തിച്ച് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ഈ എതിർപ്പ് മറികടന്നാണ് അനിൽ , ആനന്ദ്, പ്രദീപ് യാദവ്, രാജ്കുമാർ, ഗോനു, സുർജിത് എന്നീ ആറ് കോൺസ്റ്റബിൾമാർ വീഡിയോ പകർത്തിയത്.

ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ഒഴികെ, യൂണിഫോമിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്തെ റീലുകളോ വ്യക്തിഗത വീഡിയോകളോ നിർമിക്കുന്നത് വിലക്കണമെന്ന് ഭോപ്പാലിലെ പൊലീസ് ആസ്ഥാനത്ത് നിന്ന് വ്യക്തമായ നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും, റീൽസ് പ്രചരിപ്പിച്ചത് വിവാദത്തിന് വഴിയൊരുക്കി. തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോ സേനയിലെ അച്ചടക്കത്തെയും അന്തസിനെയും കുറിച്ചുള്ള ഒരു വിവാദമായി മാറിയതോടെയാണ് പൊലീസുകാർക്കെതിരെ നടപടി എടുത്തത്.