ജിദ്ദ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വാർഷിക ഇഫ്താർ സംഗമവും കമ്മ്യൂണിറ്റി എംപവർമെന്റ് ഈവനിംഗും സംഘടിപ്പിച്ചു. അൽ റെഹാബ് ഫങ്ഷൻ ഹാളിൽ നടന്ന ചടങ്ങിൽ കുട്ടികളും മുതിർന്നവരുമടങ്ങുന്ന മുന്നൂറോളം പേർ പങ്കെടുത്തു. ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശം വിളിച്ചോതിയ സംഗമം കമ്മ്യൂണിറ്റി സേവനരംഗത്തെ പുത്തൻ ചുവടുവെപ്പുകൾക്കും വേദിയായി.

സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ എൻജി. മുഹമ്മദ് കുഞ്ഞി ഔദ്യോഗിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. സിജിയുടെ വിവിധ യുവജന ശാക്തീകരണ പദ്ധതികളെക്കുറിച്ചും ‘സപ്പോർട്ട് സിജി’ കാമ്പയിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വയനാട്ടിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്റർ (സിഡിസി) നടത്തുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഇടപെടലുകളും അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. സിഡിസിയുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഡോക്യുമെന്ററി പ്രദർശനവും ചടങ്ങിന്റെ ഭാഗമായിരുന്നു.
ജിദ്ദ ചേംബർ ഓഫ് കൊമേഴ്സിന്റെ കോൺഫറൻസ് ആൻഡ് എക്സിബിഷൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അറേബ്യൻ ഹൊറൈസൺ കമ്പനി ചെയർമാൻ ഷാക്കിർ ഹുസൈനെ ചടങ്ങിൽ വെച്ച് ആദരിച്ചു. കെ.എം. മുസ്തഫ, അമീർ അലി, അഷ്റഫ് എ. എം, കെ.ടി. അബൂബക്കർ അബ്ദുറഹ്മാൻ, മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. പ്രമുഖ കമ്മ്യൂണിറ്റി നേതാക്കൾ, വ്യവസായ പ്രമുഖർ, സിജി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യം പരിപാടിയെ ധന്യമാക്കി. സമൂഹത്തിന്റെ വളർച്ചയ്ക്കും സേവനത്തിനുമായി ഒന്നിച്ചു നിൽക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്.