റിയാദ് വിമാനത്താവളത്തിൽ ടെർമിനലുകളിൽ മാറ്റം; വാർഷിക ശേഷി 5.6 കോടിയിലേക്ക്, ഇനി യാത്ര കൂടുതൽ സുഗമം!

0
7

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ മാറ്റം പൂർത്തിയായി. ഫെബ്രുവരി 16 മുതൽ 25 വരെയായിരുന്നു പരിഷ്കരണം നീണ്ടുനിന്നത്. ഇനിമുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവിസുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് റിയാദ് എയർപോർട്ട്സ് കമ്പനി അറിയിച്ചു.കാത്തിരിപ്പ് സമയം കുറയ്ക്കാനും മികച്ച യാത്രാനുഭവം നൽകാനും സാധിക്കും. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്തും, വിമാനത്താവളത്തിന്റെ വികസന ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണ് പരിഷ്കരണം നടപ്പിലാക്കിയത്. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

നവീകരണ സമയത്തും യാത്രക്കാരെ സഹായിക്കാൻ 650ലധികം ഗൈഡുകളെ വിമാനത്താവളത്തിൽ അധികൃതർ നിയോഗിച്ചിരുന്നു. ഒരു മണിക്കൂർ സൗജന്യ പാർക്കിങ് സൗകര്യം, ടെർമിനലുകൾക്കിടയിൽ യാത്ര ചെയ്യാൻ ടാക്സികളിലും റിയാദ് മെട്രോയിലും സൗജന്യ യാത്ര, ഓരോ നാല് മിനിറ്റിലും സർവിസ് നടത്തുന്ന സൗജന്യ ഷട്ടിൽ ബസുകൾ തുടങ്ങിയവ സജ്ജമാക്കിയിരുന്നു.

2026 അവസാനത്തോടെ വിമാനത്താവളത്തിന്റെ ആകെ ശേഷി 4.2 കോടിയിൽ നിന്ന് 5.6 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.