മലപ്പുറം: കേരള ലോട്ടറിയുടെ പേരിൽ വ്യാജ ഓൺലൈൻ നറുക്കെടുപ്പ് നടത്തി വൻ തട്ടിപ്പ്. കേരള ലോട്ടറി എന്ന പേരിൽ ആപ്പുകൾ നിർമിച്ചാണ് സംസ്ഥാന ലോട്ടറിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നത്. ഒഫീഷ്യൽ ഓലൈൻ പാർട്ണർ എന്ന് വിശ്വസിപ്പിച്ച് ഫേസ്ബുക്ക് വഴിയാണ് പ്രചാരണം. ജിപേ, ഫോൺപേ ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ വഴിയാണ് വ്യാജ ലോട്ടറി സംഘം പണം തട്ടിയെടുക്കുന്നത്.
നിയമപ്രകാരം കേരളത്തിൽ പേപ്പർ ലോട്ടറി മാത്രം വിൽപ്പന നടത്താനേ സർക്കാറിന് അധികാരമുള്ളൂ എന്നിരിക്കെയാണ് സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള ഓൺലൈൻ തട്ടിപ്പ്.
പരസ്യത്തിനടിയിൽ ക്ലിക്ക് ചെയ്താൽ നേരെ പ്ലേ സ്റ്റോറിലേക്ക്. ആപ്പ് റെഡി. ഓപ്പൺ ചെയ്താൽ കാണുന്ന “ഇംപോർട്ടന്റ് നോട്ടീസി” ലുണ്ട് വിചിത്ര വിശദീകരണം. ലോട്ടറിയടിച്ചാൽ നികുതിയും ഏജൻസി കമ്മീഷനും ഇല്ലാതെ മുഴുവൻ പണവും ലഭിക്കും, കൂടാതെ അധിക സമ്മാനങ്ങൾ വേറെയും. തുടർന്ന് ആപ്പിന്റെ ആദ്യ പേജിലെത്തിയാൽ “കേരള ലോട്ടറി ഓൺലൈൻ” എന്ന് കാണാം. കൂടാതെ ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ എന്ന തലക്കെട്ട്, ഒപ്പം ഏവരെയും വിശ്വസിപ്പിക്കും വിധമുള്ള കേരള ലോട്ടറിയുടെ ചിത്രങ്ങൾ അടങ്ങിയ ടോപ് ബാന്റും.
തൊട്ടു താഴെ കാണുന്ന ഓരോ വിന്റോവിലും ഓരോ ദിവസവും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറികളാണ്. ധനലക്ഷ്മി, കാരുണ്യ, സുവർണ കേരളം, സമൃദ്ധി, ഭാഗ്യതാര സ്ത്രീശക്തി തുടങ്ങിയ മുഴുവൻ ലോട്ടറികളും ഉണ്ട്. കൂടാതെ പുതിയ സമ്മർ ബംബർ ലോട്ടറി ടിക്കറ്റും. ഒപ്പം നറുക്കെടുപ്പ് തിയ്യതിയും ടിക്കറ്റിന്റെ വിലയും. ഇഷ്ടമുള്ള ടിക്കറ്റിന്റെ വിൻഡോവിൽ ഒന്ന് ക്ലിക്ക് ചെയ്താൽ ടിക്കറ്റ് നമ്പറുകൾ റെഡി. കൂടുതൽ ടിക്കറ്റുകൾ വേണമെങ്കിൽ “ആഡ് വൺ ” ക്ലിക്ക് ചെയ്താൽ മതി. എത്ര ടിക്കറ്റുകൾ വേണമെങ്കിലും ലഭിക്കും.താഴെ ടിക്കറ്റിന്റെ ടോട്ടൽ തുകയും കാണാം.
ടിക്കറ്റ് വാങ്ങണമെങ്കിൽ ആദ്യം പണം ഡെപ്പോസിറ്റ് ചെയ്യണം. അതായത് പേപ്പർ ലോട്ടറിടിക്കറ്റ് ഒന്നിന് 50 രുപ നൽകി എടുക്കാൻ കഴിയുമ്പോൾ ഓൺലൈൻ ലോട്ടറിക്ക് മിനിമം 400 രൂപ നൽകണം. എല്ലാ പ്രധാന യുപിഐ പണമിടപാട് സംവിധാനവും ഉണ്ട്. പേ ചെയ്താൽ പണം പോകുന്നത് ‘FUMA CLOTHING PVT LTD’ എന്ന ഐഡിയിലേക്കാണ്. ഒപ്പം അവരുടെ മെയിൽ ഐഡിയും ഉണ്ട്.
നറുക്കെടുപ്പ് ഫലത്തിലും ഉണ്ട് മറ്റൊരു തട്ടിപ്പ് -ഒന്നും, രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമെ അവസാന നാല് അക്കങ്ങൾക്കും സംസ്ഥാന ലോട്ടറി സമ്മാനം നൽകി വരുന്നുണ്ട്. എന്നാൽ ആളുകളെ വിശ്വസിപ്പിക്കാൻ ഓൺലൈനിലൂടെ എടുക്കുന്ന ലോട്ടറിക്ക് അവസാനത്തെ ഒരു അക്കത്തിനും സമ്മാനം ഉണ്ട്. ഇങ്ങിനെ ഒരു അപ്പ് മാത്രം അല്ല മൂന്ന് അപ്പുകൾ ലഭിച്ചു ഫേസ്ബുക്കിൽ നിന്ന് ഒറ്റ ദിവസത്തിനിടെ ലഭിച്ചു. മൂന്നും വ്യത്യസ്ത പേരുകളിൽ ആണെന്നു മാത്രം. പണം പോകുനത് എല്ലാം ഒരേ പേരിലേക്കും. ഈ തട്ടിപ്പുസംഘം ഇന്ത്യയിലാണോ വിദേശത്താണോ എന്നറിയില്ല. ഒന്ന് ഉറപ്പാണ് തട്ടിയെടുക്കുന്ന പണം പോകുന്നത് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ്.





