ജിദ്ദ: ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥികളുടെ ട്യൂഷൻ, ട്രാൻസ്‌പോർട്ടേഷൻ ഫീ അടക്കുന്നതിൽ കാലതാമസം വരുമ്പോൾ ഈടാക്കുന്ന അധിക പിഴസംഖ്യ ഒഴിവാക്കണമെന്ന് ഇന്ത്യൻ ലോയേർസ് ഫോറം ആവശ്യപ്പെട്ടു. നിലവിൽ ഫീ അടയ്ക്കുന്ന ദിവസം വൈകിയാൽ ഓരോ ദിവസത്തിനും ഒരു റിയാലും വാറ്റുമാണ് ഈടാക്കുന്നത്. ഈ അധിക സംഖ്യ പിൻവലിക്കണം എന്ന് ഇന്ത്യൻ ലോയേറസ് ഫോറം ആവശ്യപ്പെട്ടു.
ജോലി സംബന്ധമായോ മറ്റോ എന്തെങ്കിലും പ്രശ്നം അഭിമുഖീകരിക്കുമ്പോൾ ആറ് മാസം വരെയൊക്കെ ഫീസ് അടക്കാൻ താമസിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ നാല് കുട്ടികളുള്ള ഒരു കുടുംബമൊക്കെ ആണെങ്കിൽ ഒരു വലിയ സംഖ്യ ഫീസിനോടൊപ്പം പിഴയും അടക്കേണ്ടിവരുന്നത് വലിയൊരു സാമ്പത്തിക ബാധ്യതയാണ്. ഈ അടുത്ത കാലത്താണ് ഈ പുതിയ സമ്പ്രദായം നടപ്പാക്കിയത് എന്ന് ആരോപണമുണ്ട്.
ഇത് പൂർണ്ണമായും ഒഴിവാക്കണം എന്നാണ് ഇന്ത്യൻ ലോയേറസ് ഫോറം ആവശ്യപ്പെടുന്നത്. രക്ഷിതാക്കളുടെ കൂട്ടായ്മയെന്ന പേരിലുള്ള ജിദ്ദയിലെ സംഘടന ഈ വിഷയത്തിൽ യാതൊന്നും ചെയ്യാത്തത് രക്ഷിതാക്കൾക്കിടയിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഇന്ത്യൻ ലോയേറസ് ഫോറം പ്രസിഡന്റ് അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി, സെക്രട്ടറി അഡ്വ. സുമേഷ്, അഡ്വ. ബഷീർ, അഡ്വ. അഷറഫ്, അഡ്വ. ഫിറോസ് എന്നിവർ അറിയിച്ചു.അധിക പിഴ സംഖ്യ പിൻവലിക്കൽ വിഷയത്തിൽ നിയമനടപടി എങ്ങിനെ സ്വീകരിക്കണമെന്ന് സൗദി നിയമ വിദഗ്ധരുമായി സംസാരിച്ചു തീരുമാനിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി അറിയിച്ചു.
